ക്യാമറയുമായി വിനുവിനൊപ്പം ആ വരാന്തയിലൂടെ നടക്കുമ്പോൾ, ചുറ്റും കാണുന്ന മുഖങ്ങളിലെ ഭാവങ്ങൾക്ക് ഒരുപാട് അർഥങ്ങളുള്ളതായി തോന്നി... ചെറു പുഞ്ചിരികളും, പൊട്ടിച്ചിരികളും, അടക്കിപ്പിടിച്ച തേങ്ങലുകളും, വ്യർത്ഥമായ കുറെ പുലമ്പലുകളും... പക്ഷെ അവയ്‌ക്കെല്ലാം ഇവിടെ ഒരു പേരേ ഉള്ളു....
" ഭ്രാന്ത് "....
ക്യാമറകണ്ണിലൂടെ ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പകർത്തുമ്പോൾ ഒന്ന് ഞാൻ തിരിച്ചറിഞ്ഞു….ഈ കെട്ടിടവും, ഇവിടുത്തെ അന്തേവാസികളുടെ മനസ്സും ഒരുപോലെയാണെന്ന്, രണ്ടും ഇരുളടഞ്ഞ്, ഏറെ പഴകി ദ്രവിച്ചിരിക്കുന്നു... തീർത്തും അരക്ഷിതമായൊരവസ്ഥ...
"ചന്ദ്രേട്ടാ.... "
സീനിയർ സൈക്കാട്രിസ്റ്റ് ഡോ.ജെയിംസിന്റെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുണർത്തി...
"ഇതാണ് ചന്ദ്രേട്ടൻ.... "ഞങ്ങൾക്ക് നേരെ നടന്നു വന്ന മനുഷ്യനെ ചൂണ്ടി ഡോക്ടർ പരിചയപ്പെടുത്തി...
"ഇവിടുത്തെ വാർഡൻ എന്നോ, അറ്റെൻറ്റെർ എന്നോ, ഹെൽപ്പർ എന്നോ, സെക്യൂരിറ്റി എന്നോ പിന്നെ ഇടക്കൊക്കെ ഡോക്ടർ എന്നും ... എന്ത് വേണമെങ്കിലും വിശേഷിപ്പിക്കാം….എല്ലാമാണ് ചന്ദ്രേട്ടൻ.. എന്നേക്കാൾ ഏറെ മൂപ്പർക്ക് ഇവിടം സുപരിചിതമാണ് "
പ്രായം അറുപതിന് അടുത്ത് പ്രതീക്ഷിക്കാം...നിറം മങ്ങിയ വെള്ള മുണ്ടും , ചുളിവ് വീണ ഒരു ഷർട്ടുമാണ് വേഷം.... നെറ്റിയിലേക്ക് അലസമായി വീണ് കിടക്കുന്ന മുടിയിഴകളിൽ അങ്ങിങ്ങായി നര ബാധിച്ചിരിക്കുന്നു... പക്ഷെ ശരീരവും മനസ്സും ഇപ്പൊഴും ഒരുപോലെ പ്രസരിപ്പുള്ളതാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വേഗമേറിയ ആ കാലിന്റെ ചലനങ്ങൾ....
പരിചയപ്പെടുത്തലുകൾക്കിടയിൽ ഞാൻ അദ്ദേഹത്തെ നന്നായി വീക്ഷിച്ചു.... ഒരു ചെറു പുഞ്ചിരിയോടെ ചന്ദ്രേട്ടൻ ഞങ്ങൾക്ക് ഹസ്തദാനം നൽകി....
"ജെയിംസ് ഡോക്ടർ ഇന്നലെ പറഞ്ഞിരുന്നു, ഇവിടുത്തെ അന്തേവാസികളെകുറിച്ചെന്തോ പടം പിടിക്കാൻ ചാനലീന്ന് വരുന്നെന്ന്... ആ ഇവിടാകുമ്പോ ഇഷ്ടംപോലെ കഥ കിട്ടും... അമ്പത്തെട്ട്‍ അന്തേവാസികൾ ഉണ്ടിവിടെ... ഓരോ മനുഷ്യർക്കും ഓരോ കഥയാ... പക്ഷെ അവരുടെ കഥ അവർക്കറിയില്ല.... അവർക്കത് വെറും കഥയില്ലാത്തൊരു ജീവിതം .... ഹഹ "
ഞങ്ങൾക്ക് സംസാരിക്കാനോ, എന്തെങ്കിലും ചോദിച്ചറിയാനോ തെല്ലിട നൽകാതെ അദ്ദേഹം തന്റെ സംസാരം തുടർന്നുകൊണ്ടിരുന്നു....
"ഇവിടുത്തെ സ്ഥിതിഗതികൾ ഒക്കെ കുറച്ചു മോശാ.... അധികാരികൾക്ക് അറിയണോ ഈ ഭ്രാന്തന്മാരുടെ ആവശ്യങ്ങൾ..... " ചന്ദ്രേട്ടന്റെ മുഖത്ത് നിരാശ നിഴലിച്ചു....
"കുറച്ചു പ്രശ്നക്കാരെ എപ്പോഴും സെല്ലിനുള്ളിൽ തന്നെ ഇട്ടേക്കും.... പിന്നെ നിരുപദ്രവകാരികൾ ഉണ്ട്... ദാ ആ കാണുന്നവരെ പോലെ... "
അയാൾ വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കുമ്പോൾ, ഇളം പിങ്ക് നിറമുള്ള യൂണിഫോം ധരിച്ച കുറെ പുരുഷന്മാർ അവരുടേതായ ഏതോ ഒരു ലോകത്തെന്ന പോലെ എന്തൊക്കെയോ ചെയ്തികളിൽ മുഴുകിയിരുന്നു ......
"ആമീടെ നിക്കാഹാ നാളെ... നിക്ക് പോണം... ഞാൻ ചെന്നില്ലേൽ ഓള് പിണങ്ങും..... നിക്ക് പോണം... "
ഉറക്കെ കരഞ്ഞു കൊണ്ട് ഇരുമ്പഴികൾക്കിടയിലൂടെ കൈകൾ പുറത്തേക്കിട്ട് ഒരാൾ അലറി....
"കാസിമിന് പോകാൻ വണ്ടി പറഞ്ഞിട്ടുണ്ടല്ലോ... ഉടനെ വരും... അതുവരെ അവിടെ പോയിരിക്ക്.... " ചന്ദ്രേട്ടന്റെ വാക്കുകൾ കേട്ട് അയാൾ എന്തോ മുറുമുറുത്തുകൊണ്ട് ഒരു മൂലയിലേക്ക് ഒതുങ്ങിക്കൂടി...
"അത് കാസിം.... ചെറുപ്പത്തിലേ ഉപ്പ നഷ്ടപ്പെട്ട അയാൾ, ഉമ്മയെയും, നാല് പെങ്ങന്മാരെയും പോറ്റാനായി വിദേശത്തേക്ക് പോയി ... ആയുസ്സിന്റെ പകുതിയും ആ മരുഭൂമിയിൽ ഹോമിച്ചപ്പോൾ, സ്വന്തമായി ഒരു കുടുംബം എന്ന സ്വപ്നം പോലും അയാൾ മറന്നു.... പെങ്ങന്മാർ എല്ലാരും നല്ല നിലയിലെത്തി ... എന്നിട്ടെന്താ, ഇപ്പൊ ആവതില്ലാത്ത കാലത്ത്, കൂടെ നില്ക്കുമെന്ന് കരുതിയ കൂടപ്പിറപ്പുകളിൽ നിന്ന് കിട്ടിയത് കുറെ കുത്തുവാക്കുകളും, പീഡനങ്ങളും.. .. ഒടുക്കം ആ മനുഷ്യന്റെ അവസാന സമ്പാദ്യവും തട്ടിയെടുത്തു, ഒരു വൃദ്ധ മന്ദിരത്തിൽ എത്തിക്കുമ്പോഴേക്കും ആ മനസ്സ് താളം തെറ്റി തുടങ്ങിയിരുന്നു ...
ആമിന അയാളുടെ ഇളയ പെങ്ങളാ... കാസിമിന്റെ വിചാരം അയാളിപ്പഴും വിദേശത്താണെന്നാ... ഓൾടെ നിക്കാഹിന് പൊന്നും പണോമൊക്കെയായി പോകണെമെന്നും.... പാവം... "
ചന്ദ്രേട്ടൻ അത് പറഞ്ഞവസാനിപ്പിക്കുമ്പോൾ, ഞാൻ കാസിമിന്റെ മുഖത്തേക്ക് വീണ്ടും നോക്കി... ആ ചുണ്ടുകളിൽ ഇപ്പോഴും പഴയ പല്ലവി തന്നെ.....
"മനുഷ്യൻ ഇടക്കൊക്കെ സ്വാർത്ഥനാകണം...അല്ലെങ്കിൽ സ്വന്തം ജീവിതം പോലും മറന്നുപോകും…അല്ലെ വിനു "
വിനു എന്നെ നിസ്സംഗമായി നോക്കിയപ്പോൾ, ഒരു നെടുവീർപ്പോടെ ഞാൻ നടന്നു നീങ്ങി....
"ആ പെൺകുട്ടിയെ കണ്ടോ, രണ്ടാനച്ഛന്റെ ക്രൂരതയും, പീഡനവും അതിന്റെ മനോനില തെറ്റിച്ചു …. അവസാനം ഇവിടെ കൊണ്ട് വന്ന് തള്ളി... പെറ്റതള്ളക്ക് പോലും വേണ്ടാതായി അതിനെ.... "
"ദാ അത് സാറ... ആ സ്ത്രീയൊരു വേശ്യയായിരുന്നു.... കുടുംബത്തിന് വേണ്ടി മാനം വിറ്റവൾ... ഇപ്പൊ ഇവൾ അവർക്കൊക്കെ മോശക്കാരി... വഴിപിഴച്ചവൾ... ഒപ്പം മനോരോഗിയും... "
ആ അങ്ങനെ പറഞ്ഞാൽ തീരാത്ത അത്ര കഥകളുണ്ട്, സ്വയം ജീവിക്കാൻ മറന്നുപോയവരുടെ കഥകൾ…പക്ഷെ, ഇവർക്കൊന്നും ഇവരുടെ ജീവിതത്തെ കുറിച്ചോർത്തു നീറി നീറി കഴിയേണ്ട.... അതോർക്കുമ്പോൾ ഈ അസുഖം അവർക്കൊരു അനുഗ്രഹമാണ്...
"പക്ഷെ, നിങ്ങളറിയേണ്ട മറ്റൊരു ജീവിതമുണ്ടിവിടെ... മാനസികരോഗം ഇല്ലാത്തൊരു മനോരോഗിയുടെ ജീവിതം.... "
ഞങ്ങൾ ഏറെ അതിശയത്തോടെ ചന്ദ്രേട്ടന്റെ മുഖത്തേക്ക് നോക്കുമ്പോൾ, വരൂ എന്ന് കൈകളാൽ ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം മുന്നിൽ നടന്നു... ആ വഴി അവസാനിച്ചത് 'ഐസൊലേഷൻ വാർഡ് ' എന്ന ബോർഡിന് മുന്നിലായിരുന്നു.....വളരെ കുറച്ചു സെല്ലുകൾ... അവയിൽ ചിലതൊക്കെ ഒഴിഞ്ഞു കിടക്കുന്നു... അവിടെ ഒരു മനുഷ്യൻ തറയിൽ കിടന്നുറങ്ങുന്നു ... ചങ്ങലകളാൽ ബന്ധിച്ച അയാളുടെ കാലുകളിൽ നീല നിറം വന്നിരിക്കുന്നു....
" ഒച്ച ഉണ്ടാക്കാതെ വന്നോളൂ.... ചെറിയ ശബ്ദം മതി, പിന്നെ നിലവിളിയും, അസഭ്യം പറച്ചിലും ആകും... അടുത്തേക്ക് ചെന്നാൽ പോലും ഉപദ്രവിക്കും... "
അങ്ങനെ ഒന്ന് രണ്ട് സെല്ലുകൾ കടന്ന്ചെന്നപ്പോൾ, ഇരുമ്പഴികൾക്ക് ഇടയിലൂടെ ഞങ്ങളെ നോക്കുന്ന രണ്ട് കണ്ണുകൾ കാണാനിടയായി .... പെട്ടന്നയാൾ ഉറക്കെ കരയാൻ തുടങ്ങി...
"രവി.... " ചന്ദ്രേട്ടന്റെ വിളി കേട്ടയാളൊന്ന് പകച്ചു... പിന്നെ അവിടം നിശബ്ദമായി….ആ കണ്ണുകളിലെ ദൈന്യത മറ്റെന്തൊക്കെയൊ സൂചിപ്പിക്കുന്നുണ്ടായിരുന്നു..... ചന്ദ്രേട്ടൻ ഞങ്ങളുമായ്, അവിടുന്ന് അല്പം മാറി നിന്നു…
"ഇതാണോ ചന്ദ്രേട്ടൻ പറഞ്ഞ വ്യക്തി....? " എന്നിൽ ആകാംഷയേറി...
"അതെ... "
"അപ്പോൾ അയാൾക്ക്..... "
" അയാൾക്ക് ഭ്രാന്തില്ല.... " എന്റെ ചോദ്യം അവസാനിക്കും മുന്നേ അദ്ദേഹം മറുപടി നൽകി....
" രവി, ഒരു വാടക ഗുണ്ട ആയിരുന്നു... ഒരുപാട് രാഷ്ട്രീയ കൊലപാതങ്ങൾക്ക് കൂട്ട് നിന്നിട്ടുണ്ട് ... ഒരിക്കൽ ഒരു പ്രമുഖന്റെ മുഖം രക്ഷിക്കാനായി എല്ലാ കുറ്റവും സ്വയം ഏറ്റെടുത്തു…ശിക്ഷയിൽ ഇളവ് കിട്ടാനായി അവർ പറഞ്ഞപ്രകാരം, ഭ്രാന്തനായി അഭിനയിക്കുകയും ചെയ്തു.... ആദ്യമൊക്കെ എല്ലാവിധ സൗകര്യങ്ങളും, പണവുമൊക്കെ നൽകാൻ ഒരുപാട് പേരുണ്ടായിരുന്നു... പക്ഷെ പതിയെ, പതിയെ എല്ലാം അവസാനിച്ചു... ഒരുപക്ഷെ അവൻ പുറത്തിറങ്ങരുതെന്ന് അവർ നിശ്ചയിച്ചിരിക്കാം... അങ്ങനെ എല്ലാ പ്രതീക്ഷയും നശിക്കാൻ തുടങ്ങി…. ഇപ്പൊ ആ ജീവിതം ഇവിടെ ഇങ്ങനെ കരഞ്ഞു തീർക്കുന്നു….."
ചന്ദ്രേട്ടന്റെ വാക്കുകൾ മനസ്സിൽ ഒരു നെരിപ്പോടായി പുകഞ്ഞു നീറി...
"ഭ്രാന്ത് ഇല്ലാത്തൊരാൾ അത്തരത്തിൽ അഭിനയിക്കുന്നു... വര്ഷങ്ങളോളം... എന്തൊരവസ്ഥയാണിത്...?"
" ജീവിതം കണ്മുന്നിൽ എല്ലാം സ്വാതന്ത്ര്യവും വെച്ച് നീട്ടിയപ്പോൾ അയാൾ ജീവിക്കാൻ മറന്നുപോയി... ഇപ്പൊ സ്വയം ശപിച്ചും, പഴിച്ചും ഓരോ ദിവസവും തള്ളിനീക്കുന്നു... മറ്റാർക്കൊക്കെയോ വേണ്ടി ജീവിതം ബലികഴിച്ചവരാ ഇവിടെ ഉള്ളവർ ഓരോരുത്തരും... അതിലൊരു മുഖമാണ് രവി... സമൂഹത്തിൽ ഇനിയും ഉണ്ടായേക്കാവുന്ന മുഖങ്ങളിൽ ഒന്ന്... "
അത്രയും നേരത്തെ മൗനം വെടിഞ്ഞു വിനു പറഞ്ഞ വാക്കുകൾ, പിന്നെയും എന്റെ മനസ്സിൽ മുറിവുകളേൽപ്പിച്ചു...
തിരികെ നടന്ന് മുറ്റത്തേക്കിറങ്ങുമ്പോൾ, വിനു ചന്ദ്രേട്ടനോട് ചെറിയ കുശലാന്വേഷണം നടത്തി...
"ചന്ദ്രേട്ടന് ആരൊക്കെയുണ്ട് വീട്ടിൽ.. ?"അവർക്കിടയിൽ കയറി ഞാൻ തിരക്കി...
"ഇപ്പൊ ആരുമില്ല... അമ്മ ഉണ്ടാർന്നു... ഒരു കൊല്ലം മുന്നേ മരിച്ചു... "
"അപ്പൊ.. വിവാഹം...?"
" ചന്ദ്രേട്ടൻ ഒറ്റത്തടിയാ... മൂപ്പർക്ക് ഇതാ കുടുംബം... ഇവിടെ ഉള്ളോരാ ബന്ധുക്കൾ... " ജെയിംസ് ഡോക്ടറാണ് ഞങ്ങൾക്ക് മറുപടി നൽകിയത്...
"എല്ലാർക്കും ഭക്ഷണത്തിനുള്ള നേരായി... ഞാൻ എന്നാ പൊയ്ക്കോട്ടേ... " എന്ന് പറഞ്ഞു പുഞ്ചിരിയോടെ, വേഗത്തിൽ ചന്ദ്രേട്ടൻ നടന്നകലുമ്പോൾ ആ മനുഷ്യനെ കുറിച്ച് ഇനിയും ഏറെ അറിയണം എന്ന് തോന്നി...
"ഡോക്ടർ, ശരിക്കും ഈ ചന്ദ്രേട്ടന്റെ കഥ എന്താ....?"
" ആ ജീവിതം അറിഞ്ഞെങ്കിലെ, ഈ മാനസികാരോഗ്യ കേന്ദ്രത്തെ കുറിച്ച് നിങ്ങൾക്ക് ലഭിച്ച ചിത്രം പൂർണമാകൂ... പത്ത് വയസ്സ് മുതൽ ആ മനുഷ്യൻ ഇവിടെയുണ്ട്... ഒരു കൊല്ലം മുൻപ് മരിച്ചു പോയ അമ്മയെ പറ്റി പറഞ്ഞില്ലേ... അവർ ഇവിടുത്തെ അന്തേവാസിയായിരുന്നു... മനോനില തെറ്റിയ അവരെ ശുശ്രൂഷിക്കാൻ വന്ന് ഒടുക്കം എല്ലാ രോഗികൾക്കും ചന്ദ്രേട്ടൻ ഒരാശ്രയമായി മാറി.... അമ്മക്ക് വേണ്ടിയും, മറ്റു രോഗികൾക്ക് വേണ്ടിയും ജീവിച്ചു, സ്വന്തം ജീവിതം ആ മനുഷ്യൻ മറന്നു... അമ്മ മരിച്ച ശേഷം , ഞാൻ ഉൾപ്പെടെ പലരും ചോദിച്ചിട്ടുണ്ട് , ഇനിയും ആർക്ക് വേണ്ടി ഇവിടെ നിൽക്കുന്നു എന്ന്...?? അപ്പോഴും പതിവ് ചിരിയോടെ ഒന്നേ അദ്ദേഹം പറഞ്ഞുള്ളു...
ജീവിക്കാൻ മറന്നുപോയവരുടെ ഈ ലോകമാണ് എന്റെയും ലോകമെന്ന്…..ഓരോ രോഗിയുടെയും രീതികളും ചിട്ടകളും, എന്നേക്കാൾ ഏറെ അദ്ദേഹത്തിന് മനഃപാഠമാണ്...ഏറെ ഉപദ്രവകാരികളായ രോഗികൾ പോലും ചന്ദ്രേട്ടനെ ഒന്നും ചെയ്യില്ല... മറ്റെല്ലാരെയും അവർ ഭയക്കുമ്പോൾ, ചന്ദ്രേട്ടനോട് മാത്രം താളം തെറ്റിയ ആ മനസ്സുകൾ സ്നേഹം കാണിക്കുന്നു ....കാരണം ഓരോരുത്തരെയും അദ്ദേഹവും സ്നേഹിക്കുകയാണ്....സ്വന്തം എന്നപോലെ.... നല്ല ചികിത്സാസൗകര്യങ്ങൾക്കായി, നല്ലൊരു കെട്ടിടത്തിനായി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല, കാണാത്ത അധികാരികളില്ല.... ആകെ സ്വന്തമെന്ന് പറയാനുണ്ടായിരുന്ന, പത്തു സെന്റ് ഭൂമിയും, ഒരു കുഞ്ഞ് വീടും ആ മനുഷ്യൻ വിറ്റു... ഈ രോഗികൾക്ക് വേണ്ടി... അവർക്ക് നല്ല ഭക്ഷണവും, ചികിത്സയും നൽകാൻ വേണ്ടി….. എന്നിട്ട് ഇപ്പൊൾ ഇവരിൽ ഒരാരായി, ഈ കെട്ടിടത്തിന്റെ ഒരു കോണിൽ ദിനവും ചുരുണ്ടുകൂടുന്നു... "
ആ മനുഷ്യനോടുള്ള ആദരവും, സ്നേഹവും ഡോക്ടറുടെ കണ്ണുകളിൽ നിറഞ്ഞു തുളുമ്പി...
അപ്പോഴും വിശ്രമമില്ലാതെ ഓടുന്ന, ആ മനുഷ്യന്റെ നിറ പുഞ്ചിരിയും വേഗമേറിയ കാലടികളും ഞങ്ങൾക്ക് പറഞ്ഞു തന്നു…. ജീവിക്കാൻമറന്നു പോയ അമ്പത്തെട്ട്‍ പേരുള്ള ഇവിടെ അമ്പത്തൊമ്പതാമനായി ചന്ദ്രേട്ടനും ഉണ്ടാകുമെന്ന് ... ആ ശ്വാസം നിലക്കും വരെ... "
മൂകസാക്ഷി
എന്റെ പാദങ്ങളോട് പറ്റിചേർന്ന രക്തക്കറ മനഃപൂർവം അവർ അവഗണിച്ചു.. വിദഗ്ദ്ധ പരിശോധനാസംഘം ജോലി പൂർത്തിയാക്കി മടങ്ങുമ്പോഴും ഒരു അച്ഛന്റെ നിലവിളി എന്റെ കാതുകളിൽ മുഴങ്ങി കേട്ട് കൊണ്ടിരുന്നു....
"ആത്മഹത്യ…അങ്ങനെ ആകാനേ പാടുള്ളു "
മേലുദ്യോഗസ്ഥന്റെ ഗൂഢ സ്മിതത്തിൽ നിന്നും മറ്റു പോലീസുകാർ കാര്യങ്ങൾ ഗ്രഹിച്ചു...
"ഹഹ... ആത്മഹത്യ…പതിനൊന്നാം വയസ്സിൽ എന്റെയൊപ്പം ഉയരത്തിൽ കയർ കെട്ടി അവൾ ആത്മഹത്യ ചെയ്തു… എന്ത് വിരോധാഭാസം... "
**************************
"സർ എന്റെ മകൾ ആത്മഹത്യ ചെയ്യില്ല...ഒരിക്കലും ഇത് ആത്മഹത്യ അല്ല സർ ... എനിക്ക് നീതി വേണം "
"താൻ കണ്ടോ... കണ്ടോടോ..? " ഉദ്യോഗസ്ഥന്റെ ശബ്ദം ഉയർന്നു...
"ആ.. അപ്പൊൾ താൻ കണ്ടില്ല...സാക്ഷി ഇല്ല തെളിവും ഇല്ല... താൻ ആദ്യം കൊലപാതകത്തിന് തെളിവും കൊണ്ട് വാ.... " ഉദ്യോഗസ്ഥൻ ആ മനുഷ്യനെ അവജ്ഞയോടെ ആട്ടിപായിച്ചു ...
"തെളിവില്ല, സാക്ഷിയില്ല....
എന്റെ കുഞ്ഞിന്റെ മരണത്തിന് തെളിവില്ല, സാക്ഷിയില്ല... "
അയാൾ എനിക്കരികിൽ വന്നിരുന്ന് ഒരു ഭ്രാന്തനെ പദം പറഞ്ഞു കരയാൻ തുടങ്ങി...
" ഈ വേരുകളോട് ചേർത്ത് വെച്ചാണ്, അവളെ ആ കഴുകന്മാർ കൊത്തിപറിച്ചത്... അവളുടെ നിലവിളിയിൽ എന്നിലെ ഇലകൾ പോലും വിറച്ചുപോയി ...ഈ ചില്ലകളിൽ ഒന്നിലാണ് അവർ അവളെ ജീവനോടെ കെട്ടിതൂക്കിയത്... ആ പിടച്ചിലിന്റെ അലയൊലികൾ എന്റെ വേരുകളോളം ഇപ്പൊഴും മുഴങ്ങുന്നുണ്ട്....ഞാൻ കണ്ടു... ഞാനാണ് സാക്ഷി... "
മൂകസാക്ഷിയുടെ വാക്കുകൾ, ആ അച്ഛന്റെ നേർത്ത തേങ്ങലിനൊപ്പം കാറ്റിലലിഞ്ഞു... ഇലകളും കണ്ണീരും പിന്നെയും ഒന്നിച്ച് അടർന്നു വീണുകൊണ്ടേ ഇരുന്നു...
പാവകൾ
"അമ്മേ എന്റെ തോക്ക് തരാൻ പറ..... അമ്മേ... "
"അമ്മു മോളെ, മോള് അവന്റെ തോക്ക് അങ്ങ് കൊടുത്തേ.... "
"ഇല്ല...."
"മോളു, വാശിപിടിക്കാതെ കൊടുത്തേ... "
"അയ്യേ, ആണ്കുട്ടിയോൾടെ കളിപ്പാട്ടം അല്ലെ ഈ തോക്കും, ജെ സി ബി ഒക്കെ... പെണ്കുട്ടിയോൾക്ക് പാവയും, കിച്ചൻ സെറ്റൊക്കെ ഉണ്ടല്ലോ കളിക്കാൻ...അതോണ്ട് മോള് ആ തോക്ക് അപ്പൂന് കൊടുത്തേ... "
"ദാ.... നിന്റെ ബാർബി... " അപ്പു ശുണ്ഠിപിടിച്ചുകൊണ്ട് അത് അവൾക്ക് അരികിലേക്കിട്ടു... "
സ്വന്തം അമ്മയുടെ'ടോയ് ഡിസ്ക്രിമിനേഷൻ തിയറി' കേട്ട് പകച്ചു പോയ ആ നാല് വയസുകാരി കോട്ടി പിടിച്ച ഇളം ചുണ്ടിൽ ഒളിപ്പിച്ച പരിഭത്തോടെ ആ തോക്ക് തന്റെ ഇരട്ട സഹോദരന് നേരെ നീട്ടി.... എന്തോ നേടിയ ഗൗരവത്തോടെഅത് കൈക്കലാക്കി, അവൻ ഒരു സ്ലോ മോഷൻ നടത്തം അങ്ങ് വെച്ച് കൊടുത്തു.....
പുതിയ കളിപ്പാട്ടങ്ങളുമായ് വരുന്ന അച്ഛനെ കാത്ത് അപ്പു ആകാംഷയോടെ ഇരുന്നു... അമ്മുവിന് ആ കാത്തിരിപ്പിൽ മടുപ്പ് തോന്നി... പലതരം നിറങ്ങളുള്ള ഉടുപ്പിൽ, തിളങ്ങുന്ന കണ്ണുകളും മിനുസമുള്ള തലമുടിയുമുള്ള, ജീവനില്ലാത്ത കുറെ പാവകളോട് മടുപ്പ് തോന്നി തുടങ്ങിരുന്നു അവൾക്ക്...
"അപ്പു, നീ പറഞ്ഞ റിമോട്ട് കണ്ട്രോൾ കാർ... "
അവൻ ആവേശത്തോടെ ആ ബോക്സ് അഴിച്ചു...
"അച്ഛന്റെ അമ്മുമോൾക്ക് എന്താ ഒരു വിഷമം...? "
ഒന്നുമില്ലെന്ന് അവൾ തലയാട്ടി...
"അപ്പൊ ടോയ്‌സ് വേണ്ടേ.... "
അവൾ മൗനിയായി....
വർണ്ണക്കുപ്പായത്തിൽ പൊതിഞ്ഞ പാട്ട് പാടുന്ന പാവ, ജീവനില്ലാത്ത പെണ്ണ്... ആഗ്രഹങ്ങൾ ഇല്ലാത്ത പെണ്ണ്...
പിന്നെയും ഒരുപാട് പാവകൾ ആ വീട്ടിൽ നിരന്നു... ആരും കാണാതെ, അപ്പുവിന്റെ തോക്കുമായുള്ള ഒരു സ്ലോ മോഷൻ നടത്തത്തിൽ അമ്മു അവളുടെ മോഹങ്ങളെ തളച്ചിട്ടു....
പക്ഷെ അച്ഛൻ പുതിയ കളിപ്പാട്ടങ്ങൾ കൊണ്ട് വരുന്ന ദിവസം, അവൾ ആ പാവകളെ കണക്കറ്റ് ഉപദ്രവിച്ചു.... മറുത്തൊരക്ഷം പറയാതെ അവ നിശബ്ദമായി എല്ലാ പ്രഹരവും ഏറ്റു വാങ്ങി... ആ നിശബ്ദത പതിയെ അമ്മുവിന്റെ മനസ്സിലേക്കും പടർന്നു... പ്രതികരണ ശേഷിയറ്റൊരു പെണ്മനസ്സിന്റെ പരിച്ഛേദം പോലെ....
.
വയലറ്റ്മഷി
കവിളിൽ ചെറിയൊരു തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് മെല്ലെ ഞാൻ കണ്ണ് തുറന്നത്… പുറത്തു ഇടവപ്പാതി തുള്ളിക്ക് ഒരു കുടം പോലെ ആർത്തുപെയ്യാൻ തുടങ്ങിയിരുന്നു…യാത്രക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി… പക്ഷേ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും നേരം ഞാൻ ഉറങ്ങിയോ….!!
മുഖം പകുതിയും മഴത്തുള്ളികളാൽ നനഞ്ഞപ്പോൾ മെല്ലെ ഞാൻ വിന്റോ ഗ്ലാസ്സ് കയറ്റിയിട്ടു…ബാഗ് തുറന്നു തൂവാലയ്ക്കായി പരതിയപ്പോൾ കയ്യിൽ തടഞ്ഞത് ആ ബുക്കായിരുന്നു !!! മുന്നിൽ ഇന്നും സംശയങ്ങൾ നിറയ്ക്കുന്ന ചോദ്യചിഹ്നമായി നിൽക്കുന്ന ഒന്ന്… ഈ യാത്രയുടെ ലക്ഷ്യം തന്നെ അതല്ലേ.. ഉള്ളിലെ കുറ്റബോധത്തിൽ നിന്നുണ്ടായ പ്രായശ്ചിത്തം…. പതിയെ ഞാൻ അതിന്റെ പുറം ചട്ടയിൽ ഒന്ന് തലോടി, വീണ്ടും കണ്ണുകളടച്ചു… അപ്പോഴേക്കും നിലകിട്ടാതെ എന്റെ മനസ്സ് ഓർമകളുടെ ചുഴിയിലേക്ക് പതിച്ചിരുന്നു…
*******************************
“ദേവി…. ദേവി… !!! ആ വടി ഇങ്ങ് എടുത്തേ… ”
പലിശപ്പിരിവും വാങ്ങി, ഒറ്റക്കര മുണ്ടിന്റെ അറ്റം ഇടത് കയ്യാൽ ചെറുതായി ഉയർത്തിപിടിച്ചു, വലതു കക്ഷത്തിൽ ഒരു കറുത്ത ബാഗുമായി പഠിപ്പുര കടന്നു വരുന്ന അച്ഛൻ, സന്ധ്യ നേരത്തെ പതിവ് കാഴ്ച്ചയാണെങ്കിലും; ഇന്നാ ഉയർന്നുതാഴ്ന്ന ശബ്ദവും, ഇരുണ്ട മുഖവും എന്തോ ദുഃസ്സൂചന നൽകിയെനിക്ക്….
“ഇന്നലെ നീ എമ്പ്രാന്തിരിടെ പറമ്പീന്ന് കർപ്പൂര മാങ്ങ മോഷ്ടിച്ചോ….? ”
ഞാൻ നിശബ്ദം ആ കണ്ണുകളിൽ നോക്കി… അവ ചെറുതായി… പിന്നെയും ചെറുതായി… ആ ഗോളങ്ങൾ അച്ഛന്റെ കണ്ണുകളെ വിഴുങ്ങിയോ എന്ന് ഒരുനിമിഷം ഞാൻ അന്താളിച്ചുപോയി… അത്രയും ചെറുത്..!!!
പക്ഷേ ആ കൺപീലികൾ വിറകൊള്ളുന്നുണ്ട്….
“ദേഷ്യം അങ്ങ് ഉച്ചസ്ഥായിയിൽ എത്തുമ്പോ നിന്റെ അച്ഛന്റെ കണ്ണുകൾ ചെറുതാകും…” പണ്ടെന്നോ അമ്മ പറഞ്ഞ വാക്കുകൾ ഉൾവിളി പോലെ മനസ്സിലേക്ക് വന്നപ്പോൾ കൈകാലുകൾക്ക് തളർച്ച ബാധിക്കുമ്പോലെ തോന്നി…
“ആര്യാ… നിന്നോടാ ചോദിച്ചത്…. നീ ചെയ്തോ…? ”
“ചെയ്തു…. ”
എന്റെ മൗനം, ആ ശബ്ദസീമകളെ ഭേദിക്കാൻ ഇടയാക്കുമെന്നോർത്ത നിമിഷം നാവ് അനങ്ങി… സത്യം പുറത്ത് വന്നു…. എന്റെ തല താണിരുന്നു..അച്ഛന്റെ കണ്ണുകളിൽ നോക്കാൻ ഞാൻ അശക്തനായി…
അനുനിമിഷം ഉള്ളിൽ ഭയം ഇരച്ചുകയറി…മനസ്സ് മടിച്ചാണെങ്കിലും അച്ഛന്റെ ആജ്ഞ കലർന്ന ഒറ്റ വിളിയിൽ അമ്മ വടിയുമായി ഉമ്മത്തേക്ക് എത്തിയിരുന്നു… ആ കണ്ണുകളിലും ഭയമായിരുന്നു എന്നും…. അമ്മയിൽ നിന്ന് വടി പിടിച്ചു വാങ്ങി, എന്നെയും വലിച്ചു മുറ്റത്തെ തുളസിത്തറക്കരികിൽ വന്നു നിന്നു … കടുംനീല നിറമുള്ള ആ കുഞ്ഞു നിക്കറിന്റെ അയഞ്ഞ ഇരുകാലുകലുകളെയും കൂട്ടിപ്പിടിച്ചു എന്റെ തുടയിൽ പൊതിരെ തല്ലുമ്പോൾ ‘ഇനി ചെയ്യോ, ഇനി ചെയ്യോ… ‘ എന്ന് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു…. നിലവിളിച്ചു കൊണ്ട് ‘ഇല്ലാ… ഇല്ലാ’ എന്ന് ഞാൻ കരയുമ്പോഴും കണ്ണുകൾ മുറുക്കെ അടച്ചിരുന്നു….
“കുറെ കുട്ടിക്കുരങ്ങന്മാരെയും കൂട്ടി ആരാന്റെ പറമ്പിൽ കയറിയിരിക്കുന്നു…. ഇവിടുത്തെ പുരയിടത്തിൽ ഇല്ലാഞ്ഞിട്ടാണോ… ”
കലി ഒന്നടങ്ങിയപ്പോൾ കയ്യിലെ വടി മുറ്റത്തേക്ക് എറിഞ്ഞിട്ട് അച്ഛൻ ഉമ്മറത്തേക്ക് കയറി… മുറ്റത്തു നിന്ന് വടി എടുക്കുമ്പോൾ എന്നെയും അച്ഛനെയും അമ്മ മാറി മാറി നോക്കി…അച്ഛന്റെ ആജ്ഞ ഇല്ലാതെ എനിക്കരികിലേക്ക് വരാൻ അമ്മക്ക് അനുവാദമില്ലല്ലോ… അച്ഛന്റെ അലർച്ചയും, എന്റെ നിലവിളിയും, അമ്മയുടെ അടക്കിപ്പിടിച്ച വിതുമ്പലും എല്ലാം കേട്ട് പേടിച്ചരണ്ട, രണ്ട് വയസ്സുകാരൻ അനുക്കുട്ടനെയും എടുത്ത് അമ്മ അകത്തേക്ക് പോയി… ഞാൻ തുടയിൽ അമർത്തി പിടിച്ചു മുറ്റത്ത് തന്നെ നിന്നു…നിറകണ്ണുകളുമായി…
എന്റെ തെറ്റുകൾക്ക് ഉള്ള മറുപടി എന്നും തന്നിരുന്നത്, മുറിയിലെ കഴുക്കോലിന് പിന്നിൽ സ്ഥാനം ഉറപ്പിച്ച പഴുക്കാച്ചൂരലായിരുന്നു… വീട്ടിൽ എന്നേക്കാൾ സ്ഥാനമുള്ള ഒന്ന്…. ഇപ്പോഴും എനിക്ക് മുന്നേ അതിനെ അച്ഛന്റെ മുറിയിൽ അമ്മ പ്രതിഷ്ഠിച്ചിരിക്കും…
“ആര്യാ, അകത്തു കേറിപ്പോ…. ”
കേട്ടപാതി കേൾക്കാത്ത പാതി ഞാൻ മുറിയിലേക്ക് ഓടിച്ചെന്ന് കട്ടിലിൽ വീണു… തലയിണയിൽ പതിച്ച കണ്ണീരിന്റെ ചൂട് മുഖത്തേക്ക് പടർന്നപ്പോൾ, അടിയേറ്റു തിണിർത്ത പാടുകളും അമ്മയുടെ കണ്ണീർചൂടേറ്റ് പൊള്ളി…ആ കൈകൾ മെല്ലെ പാടുകളിൽ തലോടി…. ഞാൻ അനങ്ങിയില്ല….
പലിശക്കാരന്റെ കണ്ണുകളിലെ ക്രൗര്യത്തെ വെറുക്കാൻ പഠിപ്പിച്ചത് തുടയിൽ പതിഞ്ഞ ചൂരൽപാടിന്റെ നീറ്റലായിരുന്നു… പിറ്റേന്ന് രാവിലെ മേശമേൽ പൂളിവെച്ച കർപ്പൂരമാങ്ങയുടെ മധുരത്തേക്കാൾ, ആ ചൂരൽ കഷായത്തിന്റെ കയ്പ്പേറി നിന്നു….
മൂന്നാം തരത്തിലെ കൊല്ലപരീക്ഷയിൽ കണക്കിന് മാർക്ക് കുറഞ്ഞപ്പോൾ വീണ്ടുമാ ചൂരൽ വായുവിൽ ഉയർന്നു താഴ്ന്നു… പിന്നീടുള്ള ഇടദിവസത്തത്തെ സന്ധ്യകളിൽ അച്ഛൻ എന്നെ കണക്ക് പഠിപ്പിക്കാൻ തുടങ്ങി…..എത്ര പഠിച്ചിട്ടും ഏഴിന്റെയും എട്ടിന്റെയും ഗുണനപട്ടികകൾ എന്നോട് പിണങ്ങിയിരുന്നു… പലിശക്കാരന്റെ കണ്ണുകൾ വീണ്ടും ചെറുതായി… തുടയിലെ നീറ്റൽ ഏറിവരുമ്പോൾ മനസ്സിലും കയർപ്പുതോന്നി തുടങ്ങി…
കണക്ക് മാഷ് അച്ഛന്റെ കയ്യിൽ നിന്ന് വാങ്ങിയ പലിശക്കാശിന്റെ അവധി തെറ്റുമ്പോൾ അവർക്കിടയിലുണ്ടായ വാക്കേറ്റങ്ങൾക്ക് ഇര ആകേണ്ടി വന്നതും ഞാനായിരുന്നു…നാലാം തരത്തിലെ ഓണപരീക്ഷയിൽ കണക്കിന് ഞാനൊഴികെ ക്ലാസ്സിലെ എല്ലാ കുട്ടികളും ജയിച്ചു….ശരി ഉത്തരത്തിന് പോലും ചുവപ്പ് വരകൾകോറി മാർക്ക് കുറച്ചതിന്റെ കാരണം അധികം ചിന്തിക്കേണ്ടി വന്നില്ലെനിക്ക്…
“ഹാ… കഷ്ടം, നാട്ടുകാരുടെ ജീവിതത്തിന്റെ കണക്കുകൂട്ടല് തെറ്റിക്കുന്ന പലിശക്കാരന്റെ മോന് കണക്കെല്ലാം പിഴച്ചല്ലോ…. കൂട്ടിയിട്ടും കിഴിച്ചിട്ടും ജയിക്കുന്നില്ലല്ലോ കുട്ടിപ്പലിശക്കാരാ…. ”
ചുണ്ടിൽ ഊറി വന്ന പരിഹാസച്ചിരിയുമായി മാഷത് പറഞ്ഞപ്പോൾ കുട്ടികൾ ആർത്തുചിരിച്ചു…
“പലിശക്കാരന്റെ മകൻ” വീണ്ടും വീണ്ടും ഞാനാവിളിയെ വെറുത്തു…
അവരുടെ പരോക്ഷ യുദ്ധത്തിനും പലിശക്കണക്കിലെ പ്രതികാരത്തിനും എന്റെ നാലാം തരത്തിലെ ഉത്തരക്കടലാസുകൾ പിന്നെയും മൂകസാക്ഷിയായി… ചൂരലിന് കഴുക്കോലിൽ ഇരിപ്പ് ഉറച്ചതുമില്ല…
വയസ്സ് മൂന്ന് തികയുംമുന്നേ അനുക്കുട്ടനെ എഴുത്തിനിരുത്തി….ആശാൻ പള്ളിക്കൂടത്തിലേക്കുള്ള അവന്റെ പോക്ക് എനിക്കൊപ്പമായി…പിന്നീടവന്റെ കുരുത്തക്കേടുകൾക്ക് പിന്നാലെയായി എന്റെ ഇരു കണ്ണുകളും…
“ആനുകുട്ടാ…. മോനെ… ”
അമ്മ ഏറെ നേരമായി വിളിച്ചിട്ടും അവന്റെ അനക്കം ഒന്നും കേട്ടില്ല…ഒരു കുരുത്തക്കേടിന്റെ മണവും പിടിച്ചു ഞാൻ നേരെ പോയത് അച്ഛന്റെ മുറിയിലേക്കാണ്…
മുന്നിൽ കണ്ട കാഴ്ച്ചയിൽ ഒന്ന് പകച്ചുനിന്നു…
അച്ഛന്റെ മഷിപ്പേനയുമായി അവൻ നിലത്തിരിക്കുന്നു… അതെ ആ വയലറ്റ് മഷി പേന തന്നെ…. ആശാൻ പള്ളിക്കൂടത്തിലെ മണലിൽ എഴുതുമ്പോഴും, കല്ല് പെൻസിൽ കൊണ്ട് മുറി സ്റ്റേറ്റിൽ എഴുതി മഷിത്തണ്ട് വെച്ച് മായ്ക്കുമ്പോഴും, പിന്നെ മുന മാറ്റുന്ന മിനുക്കമുള്ള പെന്സില് കയ്യിൽ വന്നപ്പോഴുമെല്ലാം എന്നെ മോഹിപ്പിച്ച ഒന്ന്, അച്ഛന്റെ മഷിപ്പേന, അത് വെച്ച് എഴുതുന്ന വയലറ്റ് അക്ഷരരങ്ങൾ… വയലറ്റ് മഷി നിറച്ചുവെച്ച ആ ചില്ല്കുപ്പി….
ആദ്യമായി ക്ലാസ്സിൽ പേന കൊണ്ട് വന്ന അക്ഷയ്യെ എല്ലാരും ആരാധനയോടെ നോക്കിയപ്പോൾ ഞാനും വിട്ട് കൊടുത്തില്ല…
“ഇത് സാധാ പേനയല്ലേ, എന്റെ അച്ഛന്റെ കയ്യിൽ മഷിപ്പേനയുണ്ടല്ലോ… വയലറ്റ് മഷി നിറക്കുന്നത്… ”
“പോടാ… വയലറ്റ് മഷി ഒന്നുമില്ല…”
“ആര് പറഞ്ഞു… അച്ഛന്റെ ഡയറിക്കുള്ളിൽ ഞാൻ കണ്ടിട്ടുണ്ടല്ലോ… വയലറ്റ് മഷി വരും..ഞാൻ കൊണ്ട് വരാം…. ”
വെറും വീമ്പു പറഞ്ഞതല്ല എന്ന് തെളീക്കാനുള്ള എന്റെ ശ്രമങ്ങളെല്ലാം നിഷ്ഫലമായി…മുറിയിലെ കഴുക്കോലിന് പിന്നിലിരുന്ന് എന്നെ നോക്കി ചിരിക്കുന്ന ചൂരൽ കാണുമ്പോ പേന എടുക്കാനായി നീണ്ട കൈകൾ മെല്ലെ എന്റെ തുടയിയിൽ എത്തും… പിന്നെ അവിടെ നിൽക്കാൻ ധൈര്യം ഉണ്ടാകില്ല… അങ്ങനെ വയലറ്റ് മഷിപ്പേന എന്ന മോഹം മനസ്സിൽ ചാരം മൂടി കിടന്നു…
എന്നാൽ ഇന്ന് എനിക്ക് മുന്നേ ഇവൻ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു….
“വിപ്ലവമാണ്, പലിശക്കാരന്റെ ഗർവ്വിനെതിരെയുള്ള വിപ്ലവം…. ”
ആ നാല് വയസ്സുകാരൻ വിപ്ലവകാരിയെ ഞാൻ അസൂയയോടും ആരാധനയോടും കൂടി നോക്കി നിന്നു…
“അനുകുട്ടാ… ”
ആകുലത നിറഞ്ഞ ആ വിളികേട്ട് ഉണർന്നപ്പോൾ ഞാൻ കണ്ടു, അമ്മക്ക് നേരെ എന്റെ സ്വപ്ന മഷിപ്പേനയും നീട്ടി നിൽക്കുന്ന കുഞ്ഞനിയനെ… പരിഭ്രമത്തോടെ അമ്മ താഴേക്ക് നോക്കിയപ്പോ അച്ഛന്റെ ഡയറിയും അതിനുള്ളിൽ മറ്റൊരു ബുക്കും… ആ ബുക്കിന്മേൽ വയലറ്റ് മഷി നിറച്ച ചില്ല്കുപ്പി വീണ് കിടപ്പുണ്ട്…..അതിന്റെ ഒരു താളിൽ നിറയെ മഷിപടർന്നു…
അമ്മ ആ ബുക്ക് നിവർത്തി നോക്കി കണ്ണീർ വാർത്തു, പിന്നെ അനുക്കുട്ടനെ ശാസിക്കേം അടിക്കേം ചെയ്യുന്നുണ്ട്… ആദ്യമായാണ് അമ്മയിൽ ഇങ്ങനെ ഒരു ഭാവം… അമ്മ വേഗം മഷി പുരണ്ട ആ ബുക്ക് ഡയറിക്കുള്ളിലാക്കി മേശമേൽ വെച്ചു… തൊട്ടരികിൽ വയലറ്റ് മഷി നിറച്ച ചില്ല് കുപ്പിയും വെച്ച്, അനുകുട്ടന്റെ കയ്യിൽ നിന്ന് പേന വാങ്ങി ബുക്കിനുള്ളിൽ തിരുകി…
അവന്റെ വെള്ളക്കുപ്പായത്തിന്റെ ഒരു വശം മുഴുവൻ വയലറ്റ് നിറമായി… നിലത്തും കുറേശ്ശേ പടർന്നിട്ടുണ്ട്… ചില്ല് കുപ്പിയിലെ പകുതി ഭാഗം കാലിയായിട്ടുണ്ടാകും… എന്റെ കണ്ണുകൾക്ക് മാത്രം വെള്ള കുപ്പായത്തിലെ വയലറ്റ് മഷിക്കറ ഒരു മനോഹര ചിത്രമായി തോന്നി…. പക്ഷേ അമ്മ വേഗം അവന്റെ കുപ്പായം വലിച്ചൂരി, അത് വെച്ച് തന്നെ നിലത്തെ മഷിക്കറ തുടച്ചു… അപ്പോഴെല്ലാം അമ്മയുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു, കൈകൾ വിറകൊണ്ടു…. അനുട്ടനെയും എടുത്ത് എന്റെ കയ്യിൽ പിടിച്ചു അമ്മ മുറിക്കു പുറത്തേക്ക് ഇറങ്ങി…
അച്ഛന്റെ പേന എടുത്തതിനു അനുക്കുട്ടനും ചൂരൽ കഷായം കിട്ടുമോ എന്ന ഭയമാണ് അമ്മയുടെ കരച്ചിലിന് കാരണമെന്ന നിഗമനത്തിൽ ഞാൻ എത്തി….
“കൂട്ടുകാർക്ക് കാണിച്ചു കൊടുത്ത് ഗമകാട്ടാനോ കഴിഞ്ഞില്ല….ഒന്ന് അത് വെച്ചു എഴുതിയെങ്കിലും നോക്കാം…”
വയലറ്റ് അക്ഷരങ്ങൾ എന്നെ വീണ്ടും മോഹിപ്പിച്ചു…
അമ്മ കാണാത്ത തക്കം നോക്കി ഞാൻ അച്ഛന്റെ മുറിയിൽ കയറി….മെല്ലെ ഡയറി തുറന്നപ്പോൾ ആദ്യം കണ്ടത് അതിനുള്ളിലെ ബുക്ക് ആയിരുന്നു…. നീലയും കറുപ്പും ചുവപ്പും കലർന്ന പുറംചട്ടയിൽ നീളൻ മൂക്കുള്ളൊരു തൊപ്പിക്കാരന്റെ ചിത്രം…..
തപ്പിപെറുക്കി ഞാനാ പേര് വായിച്ചു….
“നെ…രൂ…ദ…യു…ടെ ക…വി…ത…ക…ൾ !!!! ”
ഞാൻ അതിലെ താളുകൾ മറിച്ചു… മഷി പടർന്ന താള് തൊട്ടടുത്തതിൽ പറ്റിച്ചേർന്നിരുന്നു…മെല്ലെ ഞാനത് വേർപ്പെടുത്തി, കുറച്ചു ചീന്തിപ്പോയി… അതിലെ അക്ഷരങ്ങൾ ആ വയലറ്റ് മഷിക്ക് പിന്നിൽ ഒളിച്ചു… എന്റെ കണ്ണുകൾ വീണ്ടും പേനയിൽ പതിഞ്ഞപ്പോൾ ബുക്ക് ഡയറിക്കുള്ളിൽ തന്നെ വെച്ചു…
ആവേശത്തോടെ പേന കയ്യിലെടുത്തു… അപ്പോൾ എന്തെഴുതുമെന്നായി സംശയം.. കാലങ്ങളായുള്ള മോഹമാണ് പൂവണിയാൻ പോകുന്നത്… ഉത്കണ്ഠ നിറഞ്ഞ ആനന്ദം എന്റെ മനസ്സിലെ അക്ഷരങ്ങളെ മറച്ചു… ഒടുക്കം ഗഹനമായ ചിന്തകൾക്കൊടുവിൽ ഞാനാ തീരുമാനത്തിൽ എത്തി… സ്വന്തം പേര് തന്നെ എഴുതാം… ഡയറിയിൽ നിന്ന് ചീന്തിയെടുത്ത പേപ്പറിൽ ഞാൻ എഴുതി…
“ആര്യൻ !!!!”
“ആര്യാ….. ”
പിന്നിൽ നിന്നാ അലർച്ചകേട്ട് കയ്യിലെ മഷിപ്പേന നിലത്തേക്ക് വഴുതി…കൈതട്ടി മഷിക്കുപ്പി ചിന്നി ചിതറി…
എന്നിലേക്കും മേശമേൽ ഇരുന്ന ഡയറിയിലേക്കും അച്ഛന്റെ നോട്ടം പാഞ്ഞെത്തി…. പെട്ടന്ന് ആ ബുക്ക് കയ്യിലേക്ക് എടുത്ത് താളുകൾ മറിച്ചു… മഷിപുരണ്ട താളുകളിലേക്ക് നോക്കിയതും, ആ കണ്ണുകൾ നിറഞ്ഞു വന്നു…. ധാരയായി വീണ കണ്ണുനീരിൽ വയലറ്റ് മഷി വീണ്ടും പടർന്നു അതിലെ അക്ഷരങ്ങളെ നനച്ചു…
വല്ലാതെ ഭയം തോന്നി… അച്ഛൻ…അച്ഛൻ കരയുന്നു !!!
പൊടുന്നനെ ആ കണ്ണുകൾ ചെറുതായി… മേശമേൽ ബുക്ക് ശക്തിയോടെ ഇട്ട്കൊണ്ട്, കഴുക്കോലിന് പിന്നിൽ നിന്ന് ചൂരൽ വലിച്ചെടുത്ത് എന്റെ തുടയിൽ അറഞ്ഞു…ശിക്ഷയോടൊപ്പമുള്ള പതിവ് ശാസനകളൊന്നും ആ നാവിൽ നിന്ന് വീണില്ല..പകരം ആ കുറുകിയ കണ്ണുകളിൽനിന്നും നീർതുള്ളികൾ ഇടതടവില്ലാതെ പ്രവാഹം തുടർന്നു…
ഞാൻ അലറിക്കരഞ്ഞുകൊണ്ട് ഓരോ പ്രഹരവും ഏറ്റുവാങ്ങുമ്പോൾ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു…
ഞാൻ ഈ ശിക്ഷക്ക് അർഹനാണ്…
അനുവാദമില്ലാതെ മഷിപ്പേന എടുത്തതിന് !!!
അത് വെച്ച് എഴുതിയതിന് !!!
പേന നിലത്തിട്ടതിന് !!!
ഡയറിയുടെ താള് ചീന്തി എടുത്തതിന് !!!
മഷിക്കുപ്പി പൊട്ടിച്ചതിന് !!!
ഒടുവിൽ ആ കൈകൾ തളർന്നപ്പോൾ ചൂരൽ നിലത്തേക്ക് വലിച്ചെറിഞ്ഞു…
“നാശം പിടിക്കാൻ ഉണ്ടായ സന്തതി, പൊക്കോ എന്റെ കണ്മുന്നിൽ നിന്ന്…. നീ മഷി കമഴ്ത്തി നശിപ്പിച്ചത് വെറും അക്ഷരങ്ങളിൽ അല്ല……….. ” അച്ഛന്റെ വാക്കുകൾ നേർത്ത ഗദ്ഗതത്തോടൊപ്പം തൊണ്ടക്കുഴിയിൽ വീണുമുറിഞ്ഞു..
ഒരു നിമിഷം ഞാൻ സ്തബ്ധനായി…
ആ വാക്കുകൾ…. !!
“ഞാൻ മഷി കമഴ്ത്തിയെന്നോ….? എന്നെ തല്ലിയത് അതിനായിരുന്നോ… ” ഞാൻ തറഞ്ഞു നിന്നുപോയി…
“അല്ല…ഞാനല്ല… ഞാനല്ല…. ” ഉറക്കെ വിളിച്ചു പറയണമെന്ന് ഉണ്ടായിരുന്നു…. പക്ഷേ നാവുയർന്നില്ല…. അച്ഛൻ ആ ബൂക്കിൽ വിരൽ ചേർത്ത് മേശമേൽ തലവെച്ച് കിടന്നു….വാതിൽ പടിയിൽ നിന്ന അമ്മയുടെ മൗനം എന്നെ കുത്തിനോവിച്ചപ്പോഴും, അച്ഛന്റെ നിറഞ്ഞ കണ്ണുകൾ ആദ്യമായി കാണുന്ന പകപ്പോടെ ഞാൻ തിരിഞ്ഞു നടന്നു…
പിന്നാമ്പുറത്തെ ചവറുകൂനക്കിടയിൽ ഞാൻ കണ്ടു, വയലറ്റ് മഷി പുരണ്ട ആ വെള്ളക്കുപ്പായം… എന്റെ നിരപരാധിത്വം പറയുന്ന ഏക തെളിവ്…അതിനെയും അഗ്നി വിഴുങ്ങുന്നത് ഞാൻ നിർവികാരതയോടെ നോക്കി നിന്നു…..
എന്റെ ഏറ്റവും വലിയ മോഹസാക്ഷാത്കാരത്തിന്റെ ദാരുണാന്ത്യം….
മനസ്സിൽ നിന്ന് പതിയെ അച്ഛന്റെ ശാസനകളെ പടിയിറക്കിവിട്ട് , പലിശക്കാരന്റെ ക്രൂരതയെ കുടിയിരുത്തുമ്പോൾ വെറുപ്പ് മറ്റുവികാരങ്ങളെ വിഴുങ്ങി…പക്ഷേ വയലറ്റ് മഷി പുരണ്ട അക്ഷരങ്ങൾ നോക്കി വിതുമ്പുന്ന ആ മുഖം മാത്രം ഒരു കല്ലുകടിയായി ഉള്ളിൽ ഇടയ്ക്കിടെ തികട്ടിവന്നു….
പിന്നീട് വാങ്ങിക്കൂട്ടിയ ചൂരൽ പ്രയോഗങ്ങൾ പങ്കിട്ടെടുക്കാൻ അനുക്കുട്ടനുമുണ്ടായിരുന്നു… അതുകൊണ്ടൊന്നും അവനിലെ പഴയ വിപ്ലവകാരിയുടെ ചോരയെ തണുപ്പിക്കാനായില്ല… എന്നിലുമേറെ നീലിച്ച പാടുകൾ അവന്റെ തുടയിൽ രൂപപ്പെട്ടു…
പത്താം ക്ലാസ്സ് ഫലം വന്ന ദിവസം… എല്ലാ വിഷയത്തിനും നല്ല മാർക്കുണ്ട്, കണക്കിനൊഴികെ…. എനിക്ക് നേരെ ചൂരലുമായി ഉയർന്നകൈകളെ അന്നാദ്യമായി ഞാൻ തടുത്തു….
“പലിശക്കാരന്റെ മുഷ്ക്ക് ഇനിയെന്നോടുവേണ്ട… ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട്…. നിങ്ങൾക്ക് ആരോടും സ്നേഹവും ദയയും ഇല്ല… ആകെ നിങ്ങൾ സ്നേഹിച്ചത്, കുറെ പലിശക്കണക്കുകളെ മാത്രാ….”
എന്റെ പാന്റ്സിൽ മുറുക്കെ പിടിച്ച ആ കൈകൾ അയഞ്ഞു….
“ആര്യാ…. ” അമ്മയായിരുന്നു….
ആദ്യമായി അച്ഛന് മുന്നിൽ അമ്മയുടെ ശബ്ദം ഉയർന്നുകേട്ടു… ആ കണ്ണുകളിൽ എന്നോടുള്ള ദേഷ്യത്തിന്റെ അഗ്നിയായിരുന്നു…
“മടുത്തു എനിക്ക്, ചെയ്യാത്ത തെറ്റിന് വരെ ശിക്ഷ വാങ്ങിക്കൂട്ടി….ഇനി വയ്യ…. എന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ചത് നിങ്ങൾ ഒറ്റ ഒരാളാ…ഒരിക്കൽ ശരി ഉത്തരത്തിന് പോലും മാർക്ക് കിട്ടിയിരുന്നില്ല, പലിശക്കാരന്റെ മോനായോണ്ട്… അന്ന് വെറുത്തതാ, ഈ കണക്കിനേയും, പിന്നെ നിങ്ങളെയും….”
പലിശക്കാരന്റെ കൈകളിൽ നിന്ന് ചൂരൽ നിലത്തേക്ക് ഊർന്നു വീണു… വിജയ്ഭാവത്തിൽ ഞാനതിലേക്ക് നോക്കി…അപ്പോൾ പരിഹാസച്ചിരി എന്റെ മുഖത്തായിരുന്നു….അന്നായിരുന്നു അവസാനമായി ആ വടി ഞാനാ കയ്യിൽ കണ്ടത്… തുടയിലെ നീലിച്ച പാടുകൾ പിന്നീടൊരോർമ്മയായി…
എനിക്ക് ഇനി ചരിത്രം പഠിച്ചാൽ മതി എന്ന് അമ്മയോട് പറയുമ്പോൾ ഒരു നോട്ടംകൊണ്ട് പോലും എതിർക്കാതിരുന്ന പലിശക്കാരന്റെ നിസ്സംഗത എന്നെ വീണ്ടും അതിശയിപ്പിച്ചു…
കാലം കടന്നു പോകുന്തോറും ഞാനും പലിശക്കാരനും ഇരു ദ്രുവാങ്ങളിലായി, അമ്മ മാത്രമായി ഞങ്ങൾക്കിടയിലെ സംവേദനോപാധി….ഡിഗ്രിക്കും ചരിത്രം തന്നെ തിരഞ്ഞെടുത്തു.…ജോലിനേടി പട്ടണത്തിലേക്ക് ചേക്കേറി… പല നിറത്തിലുള്ള മഷിപ്പേനകൾ സ്വന്തമായി, പക്ഷേ ആ വയലറ്റ് മഷി എപ്പോഴും ഉള്ളിൽ വേദനയായി… ചെയ്യാത്ത തെറ്റിന് ഏറ്റുവാങ്ങിയ ശിക്ഷ ഓർക്കുമ്പോൾ അന്നത്തെ തുടയിലെ നീറ്റൽ ഇന്നും മനസ്സിൽ അനുഭവപ്പെടും…
വയലറ്റ് മഷിയിൽ ആത്മാഹൂതി ചെയ്ത അക്ഷരങ്ങളെ നോക്കി കണ്ണീർ പൊഴിക്കുന്ന അച്ഛനെ, ഞാനൊരിക്കൽ വാതിൽ വിടവിലൂടെ അവിചാരിതമായി കണ്ടു…. ഹൃദയഭാരമേറുന്നതായ് തോന്നി…
“ആ അക്ഷരങ്ങൾ ആത്മാഹൂതി ചെയ്തതല്ലല്ലോ, അവർ കൊലചെയ്യപ്പെട്ടതല്ലേ…. പക്ഷേ ഞാൻ, ഞാനല്ല ആ കൊലപാതകി… എന്റെ കയ്യിൽ ആ മഷിക്കറ പുരണ്ടിട്ടില്ല….”എന്റെ വ്യർത്ഥ ജല്പനങ്ങൾ മനസ്സിൽ തന്നെ പ്രതിധ്വനിച്ചു…
**********************************
ഞെട്ടി ഉണർന്നു നോക്കുമ്പോൾ പഠിപ്പുരവാതിലിൽ വണ്ടി നിന്നു…
“ഇല്ലിക്കൽ”
തടിഫലകത്തിലെ ആ പേരിന് കാലക്രമേണെ മങ്ങൽ ഏറ്റിരുന്നു…
“ഇതും മായും, ഒരു പേരല്ലേ….. ‘പലിശക്കാരന്റെ മകൻ’ എന്ന വിളി വിസ്മൃതിൽ ആണ്ടു പോയപോലെ….”
രണ്ട് മാസമായി….
പക്ഷാഘാതമായിരുന്നു…
ഇടത് വശം മുഴുവൻ തളർന്നുപോയി… അതിന് ശേഷം പലിശക്കാരനോടുള്ള വെറുപ്പ് ഒരുതരം സഹതാപം നിറഞ്ഞ വികാരമായി… പക്ഷേ അച്ഛനോടുള്ള സ്നേഹം ഇപ്പോഴും എനിക്കന്യമായിരുന്നു…
“ഇത്രേം വൈകിയപ്പോ ഞാൻ കരുതി ഇനി ഇന്ന് വരവ് ഉണ്ടാകില്ലെന്ന്…. ” അമ്മ മെല്ലെ എന്റെ മുടിയിലും കവിളിലും തലോടി…
“ഇന്നലെ നീ വിളിച്ചപ്പോഴേ അച്ഛനോട് പറഞ്ഞിരുന്നു… അതാവും ഇന്ന് ജനാലക്കൽ നിന്ന് നോട്ടം മാറ്റിയിട്ടെ ഇല്ല…. ”
ഞാൻ മൂകം കേട്ട് നിന്നു…ബാഗ് എടുത്തു എന്റെ മുറിയിൽ വെച്ച് അച്ഛനരികിൽ എത്തി… പഴയ മുറിയിൽ അല്ല, താഴെയുള്ള മറ്റൊന്നിലേക്ക് കിടപ്പ് മാറ്റിയിരുന്നു അച്ഛൻ… മുറിയിലാകെ ധന്വന്തരം കുഴമ്പിന്റെയും, തൈലത്തിന്റെയും വാസന…. കുറച്ചു കാലമായി ആ മുഖത്ത് പഴയ പലിശക്കാരന്റെ ഗർവ്വ് ഇല്ല, പകരം ഒരുതരം നിർവികാരത മാത്രം…
വലതു കൈ നീട്ടി അച്ഛൻ എന്നെ അടുത്തേക്ക് വിളിച്ചു…ഞാൻ അരികിൽ ചെന്നിരുന്നപ്പോൾ എന്റെ കയ്യിൽ പിടിമുറുക്കി…ഒരിക്കൽ ബലിഷ്ഠമായിരുന്ന ആ കരങ്ങളൾ, ജരാനരകൾ ബാധിച്ചു വല്ലാതെ മെല്ലിച്ചുപോയിരുന്നു… ചുക്കിച്ചുളിഞ്ഞ തൊലിപ്പുറത്ത് നീല ഞരമ്പുകൾ എഴുന്നുനിന്നു…….ഇടത്തേക്ക് കൊടിയ ചുണ്ടിൽ നിന്ന് എന്തൊക്കെയോ വാക്കുകൾ വീഴുന്നുണ്ട്…. അതും പതിഞ്ഞ ശബ്ദത്തിൽ… എന്റെ ബാല്യത്തിന്റെ പകുതിയും ഇതേ നാവിൽ നിന്ന് പതിച്ച അലർച്ചയിൽ മുകരിതമായിരുന്നു എന്ന് ഓർത്തപ്പോൾ വേദന തോന്നി…കുറച്ചു നേരം അച്ഛനൊപ്പം ഇരുന്ന് ഞാൻ മുറിയിലേക്ക് തിരികെപോയി…
മനസ്സിൽ ഉറപ്പിച്ച പ്രായശ്ചിത്തം, നിറവേറ്റാൻ തന്നെ ഞാൻ തീരുമാനിച്ചു… ബാഗ് തുറന്ന് ഞാനാബുക്ക് പുറത്തേക്കെടുത്തു…
“നെരൂദയുടെ കവിതകൾ….”
നീലയും കറുപ്പും ചുവപ്പും നിറങ്ങൾക്കിടയിൽ, നീളൻ മൂക്കൻ തൊപ്പിക്കാരന്റെ മുഖമുള്ള അതേ പുറംചട്ട…
“ആര്യാ….”
അമ്മയായിരുന്നു… എന്റെ കയ്യിലെ പുസ്തകം കണ്ട് ഒരു നിമിഷം അമ്മയുടെ കണ്ണുകളിൽ വേദന നിറഞ്ഞു…അന്ന് ഞാൻ കണ്ട അതെ വേദന…
“അച്ഛന് കൊടുക്കാനാണോ…?”
“അതെ അമ്മേ….”
ഞാൻ വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു….
“നീ ചെയ്യാത്ത തെറ്റിന്റെ പ്രായശ്ചിത്തമാണോ…”
അല്ലെങ്കിലും അമ്മക്ക് എന്നെ മനസ്സിലാക്കാൻ ഒരിക്കലും വാക്കുകളുടെ ആവശ്യമുണ്ടായിരുന്നില്ല…
“എന്റെ നിരപരാധിത്വം തെളിയിക്കാനല്ലമ്മേ …അനുക്കുട്ടൻ ചെയ്തതാണെങ്കിലും ആ തെറ്റ് അച്ഛനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്….അച്ഛന്റെ മനസ്സിൽ അതിന് കാരണക്കാരൻ ഞാനല്ലേ, അപ്പൊ ഞാൻ തന്നെ ഈ പ്രായശ്ചിത്തം ചെയ്യണം…”
“ശരി, എനിക്ക് പറയാനുള്ളതുകൂടി കേൾക്കു… ”
ഞാൻ ആ മുഖത്തേക്ക് സാകൂതം നോക്കി, കണ്ണുകളിൽ ഓർമ്മയുടെ തിരയിളക്കം…
“ഒരു മയിൽപ്പീലി തുണ്ട്പോലെ അദ്ദേഹം മനസ്സിൽ സൂക്ഷിക്കുന്ന പ്രണയത്തിന്റെ ബാക്കിപത്രമാണാപുസ്തകം… ”
“ദേവൂ…അതായിരുന്നു പേര്… !!”
“വായനശാലയിലെ പുസ്തകങ്ങളും അക്ഷരങ്ങളും അവർക്ക് ദൂതരായി… പക്ഷേ കുലം കുടുംബമഹിമ എന്നൊക്കെ പറഞ്ഞു നിങ്ങടെ മുത്തശ്ശൻ ആ ബന്ധം എതിർത്തപ്പോൾ, പരസ്പരം മറക്കേണ്ടി വന്നു…അവർ അവസാനമായി തമ്മിൽ കണ്ടപ്പോൾ അവൾ അദ്ദേഹത്തിന് സമ്മാനിച്ചതാണ് ആ ബുക്കും, വയലറ്റ് മഷിപ്പേനയും…അത് നൽകി അവൾ പോയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് മാത്രമല്ല, ഈ ലോകത്ത് നിന്ന് തന്നെയാണ്…. ഇരുവർക്കും പ്രിയപ്പെട്ട അതിലെ വരികൾ ആ പേനയാൽ അടയാളപ്പെടുത്തി അവൾ അദ്ദേഹത്തിന് നൽകിയിരുന്നു… ആ താളിലാണന്ന് മഷി വീണത്.. അതുകൊണ്ടാണ് അദ്ദേഹം ഒത്തിരി വേദനിച്ചതും… ഒരിക്കൽ എന്നോടുള്ള അകൽച്ചയുടെ കാരണം തിരക്കിയപ്പോൾ മറുപടിയായി ആ ബുക്കും അതിലെ വരികളും നീട്ടി, പിന്നെ ദേവൂട്ടിയുടെ കഥ പറഞ്ഞു… സ്നേഹിച്ചിട്ടേ ഉള്ളു പിന്നീട് ഞാൻ…
“പലിശക്കാരനും പ്രണയമോ….? ”
വാതിൽപ്പടിയിൽ എല്ലാം കേട്ട് നിന്ന അനുക്കുട്ടനിൽ നിന്നും ചോദ്യം ഉയർന്നു… അവനെ തെറ്റ് പറയാൻ കഴിയില്ല, എനിക്കും തോന്നിയ സംശയമാണ്…
അമ്മ ദേഷ്യപ്പെടുമെന്നാണ് കരുതിയത്, പക്ഷേ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
“പലിശക്കാരൻ…. അച്ഛനെ എതിർക്കാൻ കഴിവില്ലാത്തൊരു മകൻ ഇഷ്ടമല്ലാതെ അണിഞ്ഞ വേഷങ്ങളിൽ ഒന്ന് മാത്രം… താല്പര്യമില്ലാത്തൊരു ജീവിതം ആ മനസ്സിനെ കല്ലാക്കി … കാഠിന്യമുള്ള പാറക്കടിയിലെ തെളിനീരിന്റെ രുചി ആരും പെട്ടന്ന് അറിഞ്ഞെന്ന് വരില്ല… പക്ഷേ എനിക്കറിയാം… എനിക്കെ അറിയൂ…. തെറ്റുകൾക്ക് മാത്രമല്ലെ അദ്ദേഹം നിങ്ങളെ ശിക്ഷിച്ചിട്ടുള്ളൂ….നിന്റെ കാര്യത്തിൽ മാത്രം അദ്ദേഹത്തിന് ഒരു പിഴവ് പറ്റി… ആ സത്യം അറിഞ്ഞതിൽ പിന്നെയാണ്, ആ ചൂരൽ അദ്ദേഹം ഓടിച്ചു കളഞ്ഞത്…”
“അപ്പോ അച്ഛന് അറിയോ…?”
മനസ്സിൽ വേർതിരിച്ച് അറിയാൻ കഴിയാത്ത വികാരത്തോടെ ഞാൻ ചോദിച്ചു…
“മ്മ്, നീ അച്ഛന്റെ കൈകളെ തടുത്ത ദിവസം പറഞ്ഞില്ലേ, ചെയ്യാത്ത തെറ്റിന് വരെ ശിക്ഷ ഏറ്റുവാങ്ങിയെന്ന്… എനിക്ക് എല്ലാ സത്യവും പറയേണ്ടി വന്നു… ”
അമ്മയോട് മറ്റെന്തെങ്കിലും ചോദിക്കാൻ, ഞങ്ങൾ ഇരുവരെയും വാക്കുകൾ കടാക്ഷിച്ചില്ല..
കുറച്ചു കഴിഞ്ഞു അച്ഛൻ കിടക്കുന്ന മുറിയിലേക്ക് ചെല്ലുമ്പോൾ കണ്ടു, വാതിൽ പടിയിൽ അച്ഛനെത്തന്നെ നോക്കി നിൽക്കുന്ന അനുക്കുട്ടനെ … അവന്റെ കണ്ണുകളിൽ കുറ്റബോധം നിഴലിച്ചു… പതിയെ കണ്ണ് തുടച്ചു, അവൻ മുറിവിട്ട് പോയി…
ഞാൻ ചെല്ലുമ്പോഴും അച്ഛൻ ഉറങ്ങുകയായിരുന്നു… ആ മുഖത്തേക്ക് തന്നെ നോക്കി കുറച്ചു നേരം ഞാനിരുന്നു…
മാങ്ങ മോഷ്ടിച്ചത്തിന് തല്ലിയ ഈ കൈകൾ തന്നെയല്ലേ പിറ്റേന്ന് അതിലും മധുരമുള്ള കർപ്പൂരമാങ്ങ കൊണ്ട് വന്ന് തന്നത്…അച്ഛനോടുള്ള ദേഷ്യത്തിൽ ആ മാമ്പഴമധുരം ഞാൻ ആസ്വദിച്ചില്ല… പലിശക്കണക്കാരനോടുള്ള പ്രതികാരം, കണക്ക് മാഷ് എന്റെ ഉത്തരക്കടലാസിൽ തുടർന്നപ്പോൾ, അച്ഛൻ വാശി ഉപേക്ഷിച്ചു, മാഷ് തരാനുള്ള പലിശ ഒഴുവാക്കി, എല്ലാം എനിക്ക് വേണ്ടി… പിന്നീടല്ലെ മാഷിന്റെ പരിഹാസങ്ങൾ കുറഞ്ഞത്…എന്നിട്ടും അച്ഛനോടുള്ള വാശിക്ക് മനഃപൂർവം കണക്ക് മാത്രം ഞാൻ പഠിച്ചില്ല…ആ ബുക്കിൽ മഷിപടർന്ന ദിവസവും ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തില്ലേ….
അതെ അച്ഛൻ എന്നും ശരിയായിരുന്നു… ഈ മകനായിരുന്നു തെറ്റ്, വലിയൊരു തെറ്റ്…
രണ്ട് തുള്ളി കണ്ണീർ ആ ക്ഷീണിച്ച കൈകളിൽ പതിച്ചപ്പോൾ, അച്ഛൻ കണ്ണുകൾ മെല്ലെ തുറന്നു…അൽപ്പനേരം എന്നെ നോക്കിയിരുന്നു… തളർച്ചബാധിക്കാത്ത വലതുകൈ എന്റെ തുടയിൽ പതിയെ തലോടി… ആ നിമിഷം ഞാനറിഞ്ഞു, ഒരായുസ്സുമുഴുവൻ മനസ്സിൽ ഒളിപ്പിച്ച വാത്സല്യമായിരുന്നു ആ തലോടലിൽ എന്ന്… എന്റെ കണ്ണീർ കൊണ്ട് ഞാൻ ചെയ്തുപോയ തെറ്റുകൾക്ക് മനസ്സാൽ മാപ്പ് ചോദിക്കുമ്പോൾ ആ സ്നേഹസ്പർശം എന്നോടുള്ള പ്രായശ്ചിത്തമായിരുന്നു…
കൈയിരുന്ന ബുക്കുമെടുത്ത് അച്ഛന്റെ പഴയ മുറിയിലേക്ക് കയറി… വയലറ്റ് മഷിയുടെ ഗന്ധമായിരുന്നു ആ മുറിക്ക്… തല ഉയർത്തി കഴുക്കോലിലേക്കൊന്നു നോക്കി…ഒരു കാലത്തെ വീട്ടിലെ പ്രമാണി നടുവൊടിഞ്ഞു മാറാല പിടിച്ചു, പകുതി ദ്രവിച്ച്, നിറം മങ്ങി അവിടെ ഇരുപ്പുണ്ട്….
“നിന്നോട് എനിക്ക് ദേഷ്യമില്ല കേട്ടോ , കാരണം ഇന്നെനിക്കും മനസ്സിലാകുന്നുണ്ട് എന്റെ പലിശക്കാരൻ അച്ഛനെ…വളരെ വൈകിയ തിരിച്ചറിവ്….”
മേശമേൽ ഇപ്പോഴും ആ ഡയറിയുണ്ട്… ഞാനത് തുറന്നു….ഉള്ളിൽ പഴയത്പോലെ,
‘നെരൂദയുടെ കവിതകൾ’…. ഒപ്പം ആ വയലറ്റ് മഷിപ്പേനയും…ഞാൻ ആ ബുക്കിലെ താളുകൾ മറിച്ചു… മഷി പടർന്ന അക്ഷരങ്ങളിൽ കണ്ണുടക്കി ഞാൻ കുറച്ചു നേരം നിന്നു….പിന്നെ എന്റെ കയ്യിലുള്ള , ‘നെരൂദയുടെ കവിതകൾ ‘ൽ ഞാനതേ അക്ഷരങ്ങൾക്കായ് പരതി….
“എന്നെ ഒറ്റയ്ക്ക് വിടൂ…
ഞാനില്ലാതെ കഴിയാൻ പഠിക്കൂ
ഞാൻ കണ്ണടയ്ക്കാൻ പോവുകയാണ്
നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ
എനിക്ക് അഞ്ച് കാര്യങ്ങൾ മതി
അഞ്ച് പ്രിയപ്പെട്ട വേരുകൾ
അവസാനമില്ലാത്തത് സ്നേഹം
കാണാനൊരു ശരത്കാലം
പിന്നെയൊരു ഹേമന്തം
എനിക്ക് പ്രിയപ്പെട്ട മഴ
വന്യമായ തണുപ്പിൽ അഗ്നിയുടെ-
മൃദുസ്പർശം
മറ്റൊന്ന് സുന്ദരമായ ഗ്രീഷ്മം അവസാനത്തേത് നിന്റെ കണ്ണുകൾ”
ആ വരികൾ എന്റെ ചിന്തകളെ ഭക്ഷിച്ച് മനസ്സിനെ ശൂന്യമാക്കി…
വയലറ്റ് മഷിപ്പേന കയ്യിലെടുത്തു ഞാൻ എന്റെ ബുക്കിലെ വരികളും അടയാളപ്പെടുത്തി…പക്ഷേ ഇന്നാ വയലറ്റ് മഷിക്ക് അത്ര തെളിച്ചം തോന്നിയില്ല….എന്തോ ഒരു കുറവ് !!!!
ഏറെ നേരത്തിന് ശേഷം ഞാൻ തിരിച്ചറിഞ്ഞു, രണ്ട് ബുക്കുകൾ തമ്മിൽ ഒരേയൊരു വ്യത്യാസമേയുള്ളൂ, ഒന്നിൽ ഒരു മഷിക്കും മറയ്ക്കാൻ കഴിയാത്ത ജീവനുള്ള സ്നേഹാക്ഷരങ്ങളാണ്, മറ്റൊന്നിനും പകരം വെക്കാൻ കഴിയാത്ത ഒന്ന് !!!
രചന : കീർത്തി എസ് കുഞ്ഞുമോൻ
ഇര പെരുകും രാവുകൾ
കറുത്തുതടിച്ച ശരീരം, അതിനൊത്തപൊക്കം, ബലിഷ്ഠമായ കരങ്ങൾ , വീതിയേറിയ തോളുകൾ , ഇടതൂർന്ന താടിയും മീശയും; അതിനിടയിൽ അങ്ങിങ്ങായി ചെറിയ നരകൾ . ആകെ ഒരു ക്രൂരഭാവമെങ്കിലും, ആ ഇളം ചാരനിറമുള്ള ചെറിയ കണ്ണുകളിൽ മാത്രം, എന്തോ ഒരു നിഗൂഡ സൗന്ദര്യം. ഒരു അന്യഗ്രഹജീവിയുടേതു എന്നപോലെ ആ കണ്ണുകൾ ഒറ്റപ്പെട്ട് നില്ക്കുന്നു.
മദ്യലഹരിയിൽ നിലയുറക്കാത്ത ആ ശരീരം നടുമുറ്റത്തെ ഊഞ്ഞാൽ കട്ടിലിൽ സ്ഥാനം പിടിച്ചു. അപ്പോൾ ആ കഴുകൻ കണ്ണുകൾ തൂണുകൾ എട്ടുമൊന്നു ചുറ്റിനോക്കി. അവയ്ക്കരികിൽ സ്വയം കാഴ്ച്ചവെക്കാൻ തയ്യാറയി നിൽക്കുന്ന ഒരു പെണ്ണുടലിൽ ആ കണ്ണുകൾ ഉടക്കി. അവളുടെ നോട്ടങ്ങളും ചേഷ്ടകളും അയാളിൽ ലഹരിക്കുമേൽ ലഹരിപോലെ പടർന്നുകയറി . അവളുടെ നേരെ ആ ചൂണ്ടുവിരലുയർന്നു. മറ്റു പെൺശരീരങ്ങൾ തൂണുകൾക്ക് പിന്നിൽ മറഞ്ഞു. അയാൾ നിലയുറക്കാത്ത കാലുകളുമയി അവളെ അനുഗമിച്ചു.
അവളുടെ മുഖത്ത് യതൊരു ഭാവവ്യത്യാസങ്ങളും നിഴലിച്ചില്ല, വേട്ടക്കാരന്റെ മുന്നിൽ സ്വമേധയാ കീഴടങ്ങിയ ഒരു പാവം ഇര. അതെ ഇരയെന്നല്ലാതെ മറ്റെന്തുപറയാൻ ….
ആദ്യമായി അകപ്പെട്ടപ്പോൾ അവൾ വാവിട്ടു നിലവിളിച്ചു, കുതറിഓടി, ആക്രമിച്ചു, കണ്ണുകളിൽ ഒരു പ്രളയം തന്നെ ഉണ്ടായി. പിന്നീട് ഒരുപാട് വിരുന്നുകാർക്ക് മുന്നിൽ സ്വാദിഷ്ടമായ വിഭവമായി മാറിയപ്പോൾ , ശരീരം പോലെ അവളുടെ മനസ്സും വിറങ്ങലിച്ചുപോയി. കാലം, രൂപവും ഭാവവും മാറ്റിയ ഇരയായി അവളും മാറി.ഇന്നലെ ഞാനയിരുന്നു ആ ഇര. ഇന്നു ആ ഇരയുടെ വേഷം അഴിച്ചുവെച്ചിട്ട്, കാലം എന്നെ വേട്ടക്കരിയാക്കി ; ഇരകളെ തേടുന്ന വേട്ടക്കാരി.
മദ്യലഹരിയിൽ അയാൾ അവളുടെ ശരീരത്തെ മഥിച്ചു. പുകമണം മാറാത്ത ആ കറുത്ത ചുണ്ടുകൾ അവളിൽ തീഷ്ണമായ ഒരുതരം വെറുപ്പുളവാക്കിയപ്പോൾ ചാരനിരമുള്ള കണ്ണുകളിൽ അവൾ ആനന്ദം കണ്ടു. അയാളുടെ പല്ലുകൾ അവളുടെ നനുത്ത ചുണ്ടുകളിൽ അമർന്നു. ആ ലഹരിയിൽ അയാൾ കൂടുതൽ ഉന്മത്തനായി. ബലിഷ്ടമായ അയാളുടെ കരങ്ങളിൽ ആ പെണ്ണുടൽ ഞെരിഞ്ഞമർന്നു.
ഒടുവിൽ ചൂടുപിടിച്ച ഭ്രാന്തമായ കാമവികാരങ്ങളെ അയാൾ അവളിൽ ആഘോഷിച്ചു. വിവസ്ത്രയാക്കപ്പെട്ട അവൾക്കുമേൽ ഒരു പുതപ്പ് എറിഞ്ഞുകൊടുത്തുകൊണ്ടു ഇരയിൽ സംതൃപ്തനായ വെട്ടക്കാരനെപോലെ അയാൾ ചിരിച്ചു. ആ ചാരനിറമുള്ള കണ്ണുകളിൽ ഗൊപ്യമായൊരു തീവ്രഭാവവുമായി അയാൾ അവിടം വിട്ടു.
കൈകാലുകളൾ മാറോടടക്കിപ്പിടിച്ചുകൊണ്ടവൾ നെടുവീർപ്പിട്ടു. അപ്പോൾ അവളുടെ ഓരോ ശ്വാസത്തിലും അയാളുടെ ഗന്ധമായിരുന്നു. അയാൾ എറിഞ്ഞുകൊടുത്ത പുതപ്പിനടിയിൽ അവൾ ചുരുണ്ടുകൂടി. മറ്റെല്ലാ ഇരകളെയും പോലെ; പ്രതീക്ഷകളും പ്രത്യാശകളും ഉപേക്ഷിച്ചു, വികാരങ്ങളെല്ലാം മറച്ച്, സ്വയം തന്നിലെക്കു തന്നെ ഒരു ഒതുങ്ങിച്ചേരൽ .
കാഴ്ച്ചവെക്കപ്പെട്ട ഇരയെ കാവൽക്കാരുടെ സംരക്ഷണത്തിൽ ഏൽപ്പിച്ചു , മറ്റു പെൺശരീരങ്ങളുമായി ഞാൻ ഇരുളിൽ യാത്രയായി. കാഴ്ചദ്രവ്യങ്ങളെ അണിനിരത്തി വിലപേശുന്ന ക്രൂരയയൊരു കച്ചവടക്കാരിയായി ഞാൻ വേഷപ്പകർച്ച നടത്തി. ഓരോ പെൺ ശരീരങ്ങളെയും ഇരുളിൽ ഓരോകോണിലും പറഞ്ഞയച്ചു, അവർക്കുചുറ്റൂം രക്ഷാവലയവും തീർച്ചപ്പെടുത്തി. പെണ്ണുടലിൽ ആകൃഷ്ടരായി വരുന്ന ചെന്നായ്ക്കളോട് വിലപേശാൻ സജ്ജയയി ഞാൻ നിന്നു.
അവൾ കരഞ്ഞുകൊണ്ടോടിവന്ന് എന്റേ നെഞ്ചിൽ വീണു. നിർത്താതെ ഉള്ള ആ കരച്ചിൽ ഇരുളിന്റെ നിശ്ബ്ദതയെ കീറിമുറിക്കാൻ തുടങ്ങിയപ്പോൾ , അവളെ എന്നിൽ നിന്നും അടർത്തിമാറ്റി ഞാൻ ദേഷ്യത്തോടെ കാര്യം അന്വേഷിച്ചു. പൊടുന്നനെ തിരിഞ്ഞുനോക്കി, അവൾ പറഞ്ഞു,
” അച്ഛൻ ” ….
ഹൃദയത്തിൽ അതിശക്തമായി ആരോ പ്രഹരിച്ചപോലെ, ഉള്ളിൽ തീവ്രമായൊരു നടുക്കം. ഇരുളിനെ കീറിമുറിച്ചു കൊണ്ട് ആ രൂപം ഞങ്ങളെ ലക്ഷ്യമാക്കിവന്നു. അയാൾ വിരലുയർത്തി ആവശ്യപ്പെട്ടു ; അയാൾ ജന്മം നൽകിയ ആ പെൺകുട്ടിയെതന്നെ. അപ്പോൾ അവളിലെ പെണ്ണത്തം വെറും ശരീരമായി മാറി. ആ പെൺശരീരത്തിനുവേണ്ടി അയാൾ വിലപേശി. അയാളുടെ വാക്കുകളിൽ തളർന്നു അവൾ താഴെ വീണു, നിലത്തുകിടന്നു വാവിട്ടുകരഞ്ഞു. ഒടുവിൽ കൈകൾ കൂപ്പി അയാളോടും എന്നോടും മാറിമാറി അവൾ കേണപേക്ഷിച്ചു. തെല്ലും ഭാവഭേദമില്ലതെ നിന്ന ആ ചെന്നായയുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ ചൂഴ്ന്നിറങ്ങാൻ തുടങ്ങിയിരുന്നു. വെറിപൂണ്ട ആ വിടന്റെ വിലപേശലിനു മുന്നിൽ അവളുടെ അപേക്ഷകളെ ഞാൻ നിഷ്കരുണം തള്ളിക്കളഞ്ഞു. എന്നിലെ ക്രൂരയായ വേട്ടക്കാരിയുടെ കരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞു. പിന്നീടു അവൾ ഒന്നും പറഞ്ഞില്ല. ,തീർത്തൂം നിശബ്ദയയി, നിസ്സംഗയായി അവൾ അയാളെ അനുഗമിച്ചു.
ഒടുവിൽ ഇരുളകന്നു, അവൾ ഞങ്ങൾക്കൊപ്പം മടങ്ങി. മടക്കയാത്രയിൽ അവൾ ആരെയും നോക്കിയില്ല. ആ കണ്ണുകൾ കലങ്ങിയിരുന്നു, ചുണ്ടുകളിൽ ചോരപൊടിഞ്ഞിരുന്നു, തീർത്തും അവശയായി തലകുനിച്ചവളിരുന്നു. ആ മുഖം കണ്ട് എന്റെ ഹൃദയം നുറുങ്ങി, തൊണ്ട വരണ്ടുണങ്ങി, കണ്ണുകളിൽ ഇരുട്ട് പടർന്നിരുന്നു, ഉള്ളിൽ പെയ്യാൻ വെമ്പുന്ന ഒരു പേമാരിപോലെ വാക്കുകൾ കാത്തുനിന്നു.
“അതെ നീ ഇന്നു ഇരയാണ് , ഇന്നലെ അതു ഞാനയിരുന്നു. എന്റെ പെണ്ണുടലിനു നേരെയും, ആദ്യം വിരൽ ചൂണ്ടിയതു ജന്മം നൽകിയവൻ തന്നെയായിരുന്നു. രക്ഷകന്റെ വേഷമണിഞ്ഞു വന്ന സഹോദരനും, സുഹൃത്തിനും, അധ്യാപകനുമെല്ലാം വേണ്ടതും എന്റെ ശരീരത്തെയായിരുന്നു. നിന്നെ തേടിയും ഇനി രക്ഷകന്മാർ വരും, ഒടുവിൽ നീയും എന്നെ പോലെ ഒരു വേട്ടക്കാരിയാകും, പെൺ സ്വപ്നങ്ങളെ നിർദാക്ഷിണ്യം ഞെരിച്ചുകളഞ്ഞു ക്രൂരമായി വിലപേശാൻ മിടുക്കുള്ള വേട്ടക്കാരി. കാലം നിനക്ക് ഇരയിൽ നിന്നും വെട്ടക്കരിയിലേക്കു ഒരു ചുവടുമാറ്റം നൽകുമ്പൊൾ , അന്നു നിന്റെ സ്ഥാനത്തു മറ്റൊരു ഇരവരും ……
ഇരകൾ പെരുകുന്ന ഈ രാവുകൾ അങ്ങനെ ആവർത്തിക്കപ്പെടും….
അവൾ അടയാളങ്ങൾ
മുപ്പത്തിമൂന്നു മുറിവുകൾ …. മെലിഞ്ഞുണങ്ങിയ അവരുടെ ചെറിയ ശരീരത്തിനു ആ കൊടിയ വേദനകൾ താങ്ങാൻ കഴിഞ്ഞുവോ.. ?. കാലത്തിന്‍റെ ആലയില്‍ അനുഭവങ്ങൾ കൊണ്ട് ഊതിക്കാച്ചിയ ജീവിതത്തിന്റെ തീഷ്ണതയായിരുന്നു എന്നും അവരുടെ ചെറുത്തുനിൽപ്പു. ഇരുളിൽ അവർക്കു നേരെ വന്ന ഒരു ആയുധത്തിനും , ആ ചെറുത്തുനിൽപ്പിന്റെ ആഴവും ശക്തിയും അറിയാൻ സാധിച്ചില്ല. ഇരുളിന്റെ മറവിൽ ,ജീവന്റെ അവസാന തുടിപ്പും കവർന്നെടുത്തു എന്നു വിശ്വസിച്ചു മടങ്ങിയ നരാധമന്മാർക്കുതെറ്റി…. മൃതപ്രായയെങ്കിലും, നാഴികകളോളം മരണത്തോട് പൊരുതി, ശരീരത്തിലേറ്റ ഓരോ മുറിവും നൽകിയ വേദനയോട് ആത്മധൈര്യത്തൊടെ അവർ പോരാടി. അനാഥത്ത്വത്തിന്റെ മടിയിൽ പിറന്നു, അവഹേളനങ്ങളോട് പൊരുതി , എല്ലാ അരക്ഷിതാവസ്ഥകളേയും തരണം ചെയ്തു ജീവിതത്തിൽ സ്വയം ഉയർന്നുവന്ന ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ ശരീരത്തിന്റെ വേദനകൾ കീഴടങ്ങിയതിലെന്തു അത്ഭുതം…..
മനസ്സിന്റെ തിരശ്ശീലയിൽ വർണ്ണങ്ങൾ പകർന്നുകൊണ്ട് ഒരുപാട് പഴയ ചിത്രങ്ങൾ മിന്നിമറഞ്ഞു. കടുംഛായങ്ങൾക്കും, നിറക്കുടുകൾക്കും വരകൾ നിറയുന്ന ക്യാൻവാസിനും മാത്രമായിരുന്നു എന്റെ മനസ്സിൽ സ്ഥാനം. നിറങ്ങൾ കൊണ്ട് ചിന്തിക്കുന്നവന് അക്ഷരങ്ങളിലെ ആശയങ്ങളെ ഉൾക്കൊള്ളാൻ താൽപര്യം തോന്നാതിരുന്നതിൽ എന്തു അതിശയം…
‘’തണൽമരങ്ങളില്ലാത്ത വഴിത്തരകൾ ’’ പത്രത്താളുകളിൽ കണ്ട ആ തലക്കെട്ടിൽ നിന്ന് ഒരു ചെറുകഥയെന്നു ഞാൻ ആദ്യം തന്നെ ഊഹിച്ചു. ചുവടെ കൊടുത്തിരുന്ന എഴുത്തുകാരിയുടെ പേരും സുപരിചിതം തന്നെ. മലയാള സാഹിത്യത്തിൽ നവയുഗം കുറിച്ച പ്രിയ എഴുത്തുകാരി എന്ന ആമുഖവും ഒപ്പം ചേർത്തിരിക്കുന്നു. ശീർഷകം മനസ്സിൽ വർണ്ണങ്ങൾ തൂകിയപ്പോൾ, ഞാൻ പതുക്കെ ചുവടെയുള്ള അക്ഷരങ്ങളിലേക്കു പരതി. ഓരോ വാക്കുകളും വർണ്ണങ്ങളായി, കഥ അവസാനിക്കുമ്പോൾ വാക്കുകൾ കൊണ്ട് വരച്ചുതീർത്ത ഒരു ക്യാൻവാസ് മനസ്സിൽ നിറഞ്ഞു. അക്ഷരങ്ങളിലൂടെ വർണ്ണങ്ങൾ ചാലിച്ചു, ആസ്വാദകന്റെ മനസ്സൽ ചിത്രം തീർക്കുന്ന ആ കഥാകാരിയോട് ആരാധനയും, അതിലുപരി അത്ഭുതവും തോന്നി.
പിന്നീട് ജീവിതത്തിൽ അക്ഷരങ്ങളോട് ആരാധന തോന്നിയ നാളുകളായിരുന്നു. അവരുടെ മാന്ത്രിക സ്പർശമുള്ള തൂലികയിൽ നിന്നും പിറന്നുവീണ ഓരോ സർഗസൃഷ്ടിയും തേടിയുള്ള യാത്രയിൽ ആ എഴുത്തിന്റെ ആഴത്തിനൊപ്പം, അവരുടെ വ്യക്തിത്വത്തിന്റെ കാമ്പും തിരിച്ചറിഞ്ഞു. പിന്നെ ഒരുപാട് തവണ നേരിൽ കാണാൻ ഇടയായി. ചിത്രപ്രദർശന വേദികളിൽ ഓരൊചിത്രങ്ങൾക്കും മുന്നിൽ നിശ്ചലമായി നിമിഷങ്ങളോളം അവർ നിൽക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. കണ്ണിമചിമ്മാതെ ആ ചിത്രങ്ങളെ ഗ്രഹിച്ചു, മനസ്സിൽ അക്ഷരങ്ങളാക്കുകയാണോ എന്ന് ഞാൻ പലപ്പോഴും സംശയിച്ചിട്ടുണ്ട്. ഞാൻ വർണ്ണങ്ങൾ ചാലിച്ച ചിത്രങ്ങളെ ആസ്വദകർക്കു മുന്നിൽ എത്തിക്കുക, എന്റെ ആശയങ്ങളെ അവർക്കു പകർന്നു നൽകുക; ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു അത്. ആ മോഹം സാക്ഷാത്കരിക്കപ്പെട്ട ദിവസം, ഞാൻ എന്റെ ചിത്രങ്ങൾക്ക് മുന്നിൽ അവരെ കണ്ടു. മനസ്സിൽ അവാച്യമായൊരു ആനന്ദം തോന്നി. എന്റെ ചിത്രങ്ങളിലൂടെ ഒരു വിശാലമായ യാത്ര നടത്തി അവർ എന്റെ അരികിലെത്തി.
“ നിങ്ങളുടെ ചിത്രങ്ങൾക്ക്, എന്റെ ജീവിതവുമായി പരോക്ഷമായൊരു ബന്ധമുണ്ട്. ഈ ചിത്രങ്ങളിലൂടെ ജീവിതാനുഭവങ്ങൾക്കു നിങ്ങൾ നിറം പകർന്നു. എനിക്ക് നിങ്ങളുടെ ചിത്രങ്ങളുമായി മോശമല്ലാത്ത ഒരു ആശയസംവേദനം നടത്താൻ സാധിച്ചു.”
ചിത്രങ്ങളെ കുറിച്ചു വാചാലയായപ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാനറിഞ്ഞു. വർണ്ണങ്ങളോടുള്ള അവരുടെ അടങ്ങാത്ത അഭിനിവേശം അക്ഷരങ്ങളോടെന്ന പോലെ തീഷ്ണമാണെന്നു ഞാൻ മനസ്സിലാക്കി. അവരുടെ സൃഷ്ടികളെ കുറിച്ചു ഞാനും വാചാലനായി. അതു അവർക്കു ചെറുതല്ലാത്ത സന്തോഷം നൽകി എന്നു ആ മുഖഭാവങ്ങളിൽ നിന്നു വ്യക്തമായിരുന്നു. എങ്കിലും അതു പ്രകടിപ്പിക്കാൻ അവർ നന്നെ പിശുക്ക് കാണിച്ചു.
പലപ്പോഴും അകലങ്ങളിലെ ആകശങ്ങളേക്കാൾ ചുറ്റുമുള്ള ഇത്തിരിവട്ടമായിരുന്നു അവർക്കിഷ്ട്ടം . ആ സൗഹൃദത്തിനു വർഷങ്ങളുടെ വ്യാപ്തി കൈവന്നു.
അവരെന്നും എന്നെ കുറ്റപ്പെടുത്തിയിരുന്നു
“നിങ്ങൾ ഒരിക്കലും എന്റെ നല്ല ആസ്വാദകനല്ല; നിങ്ങൾ എന്നും എന്റെ സൃഷ്ടികളെ പുകഴ്ത്തിയിട്ടെ ഉള്ളു , .” അവരുടെ കഥകളിലൂടെ അക്ഷരങ്ങളെ സ്നേഹിച്ച എനിക്ക്, അവരെ വിമർശിക്കാനുള്ള അർഹതയില്ലെന്നു മനസ്സിലോർത്തു എന്നും ഞാനോരു പുഞ്ചിരിയിൽ മറുപടിയൊതുക്കി.
***********************************
ഒരു വലിയ ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ ആ ചെറിയ വീടിനുള്ളിലേക്കു പ്രവേശിച്ചു. മുഖത്തുംമുറിവേറ്റ പാടുകളുണ്ട്, എങ്കിലും ആ മുഖത്തുനിന്നും പ്രഭാവം വിട്ടുമാറിയിട്ടില്ല. ചിത്രങ്ങൾക്കു മുന്നിൽ നിശ്ചലമായി നിമിഷങ്ങളോളം നിൽക്കും പോലെ ജീവിതത്തിനു മുന്നിൽ നിശ്ചലമായ അവസ്ഥ… പ്രീയ കഥാകാരിക്കു, യാത്രാമൊഴിയേകാൻ ജനസാഗരം അവിടേക്കോഴുകിയെത്തി.
എന്റെ ഉള്ളിൽ ഭയാനകമായൊരു ശൂന്യത നിറഞ്ഞു. ആൾക്കുട്ടത്തിനിടയിലൂടെ അലക്ഷ്യമായി ഞാൻ നടന്നു. ഒടുവിൽ തിരക്കുകളുടെ ചങ്ങലകൾ ഭേദിച്ചു, സ്വതന്ത്രനായപ്പോൾ , മുന്നിലെ വഴികൾ അവ്യക്തമായി. കാഴ്ചയെ മറക്കുന്ന ഹൃദയഭാരവുമായി കുറേ ദൂരം ഞാൻ നടന്നു. ആ ഏകാന്തതയിൽ ഞാൻ ഓർത്തു, “ നഗരത്തിലെ ഒരു പൊതുസ്മശാനത്തിൽ ആ ശരീരം ഒരുപിടി ചാരമായി മാറിയിരിക്കും, പക്ഷെ വിപ്ലവം തീർത്ത അവരുടെ അക്ഷരങ്ങളെ വിഴുങ്ങാൻ ഒരു തീജ്ജ്വാലക്കും സാധ്യമല്ല.”
പ്രണയവും, ഭാവതീവ്രതയും, വൈകാരികതയും ഉൾക്കൊണ്ട് അവരുടെ സൃഷ്ടികളെ സ്വീകരിച്ച സമൂഹം, അവരിലെ വിപ്ലവകാരിയെ, സാമൂഹിക വിമർശകയെ തള്ളിക്കളഞ്ഞു. നിഗൂഢതകൾ നിറഞ്ഞ കാൽപനികതയിൽ നിന്നും വാസ്തവങ്ങളുടെ സമൂഹത്തിലേക്കു അവർ ഇറങ്ങുമ്പോൾ ത്രിശങ്കുവിലായവർ ഭീഷണിയുടെ സ്വരം മുഴക്കി. രാഷ്ട്രീയം മുതൽ രാജ്യദ്രോഹം വരെ വിഷയമായ അവരുടെ സാമൂഹിക നിരീക്ഷണ ഗ്രന്ഥത്തിനു വിലക്കു കൽപ്പിച്ചവർ അവരുടെ അക്ഷരങ്ങളെ ഭയന്നു. ആ ഭയം, അവരുടെ ശരീരത്തിൽ മുപ്പത്തിമൂന്നു മുറിവുകളായി പരിണമിച്ചു, ഒടുവിൽ ആ തൂലികയുടെ ചലന ശേഷിയും അവസാനിപ്പിച്ചു. പക്ഷെ കത്തിപ്പടരുന്ന തീനാളങ്ങളേക്കാൾ ശക്തി ആ അക്ഷരങ്ങൾക്കുണ്ടെന്നു കാലം തെളിയിക്കും….
അവർ ഇട്ക്കു പറയും,
‘’ നിങ്ങളെപ്പോലുള്ള ചിത്രകാരന്മാരോടു എനിക്കു അസൂയയാണ്, കാരണം അക്ഷരങ്ങൾ അവസാനിക്കുന്നിടത്തു ചിത്രങ്ങൾ വാചാലമാകാൻ തുടങ്ങും….’’
ആ ജീവിതത്തിന്റെ വാചാലതയെ ചിത്രീകരിക്കാൻ ഞാൻ തീരുമാനിച്ചു. അനാഥത്വം മുതൽ ആയുധങ്ങളേൽപ്പിച്ച മുറിവുകളോടുള്ള ചെറുത്തുനിൽപ്പുവരെ എന്റെ ക്യാൻവാസിൽ നിറഞ്ഞു. ആദ്യമായി എന്റെ ചിത്രങ്ങൾക്കു ജീവനുള്ളതായി സ്വയം തോന്നി. ആ ജീവൻ കവർന്നെടുത്തവർക്കെതിരെ എന്റെ ചിത്രം സംസാരിക്കാൻ തുടങ്ങി
“അവൾ അടയാളങ്ങൾ ’’
അതിലും ഉചിതമായ മറ്റൊരു പേര് തോന്നിയില്ല. ആ ചിത്രവുമായി പത്രാധിപരെ സന്ദർശിക്കുമ്പൊൾ, മനസ്സിൽ ഒരു ആത്മസംതൃപ്തിയയിരുന്നു.
“ അവൾ അടയാളങ്ങൾ , വളരെ ചേർച്ചയുള്ള പേര്, ചിത്രവും ബഹുകേമം. താങ്കളുടെ കഴിവിലും പരിചയസമ്പന്നതയിലും എനിക്കു യാതൊരു തർക്കവുമില്ല. ഈ പത്രത്തിനു വേണ്ടി നിങ്ങൾ നൽകിയ നിസ്സ്വാർഥ സേവനങ്ങളും ഞങ്ങൾ മറക്കില്ല. പക്ഷെ ഈ ചിത്രം പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ല.”
“വാക്കുകൾ കൊണ്ട് വിപ്ലവം തീർത്തവൾ ഒരു കോളം വാർത്തയായി, ഇനി അവളെ വരയിലൂടെ പിന്തുണച്ചു താൻ വെറും ഒരു ചിത്രമായി ചുവരിൽ തൂങ്ങും. കൂട്ടുനിൽക്കുന്ന ഞങ്ങളുടെ ജീവനും ഭീഷണിയുണ്ടാകും. അതുകൊണ്ട് ഈ ചിത്രം താങ്കൾക്കു കൊണ്ടുപോകാം.”
പത്രാധിപർ അലക്ഷ്യമായി ആ ചിത്രം എന്റെ നേർക്കു തട്ടിനീക്കി. ഞാനാചിത്രവുമായി തിരികെ വീട്ടിലെത്തി. വീണ്ടും ശൂന്യത നിറഞ്ഞു.
“ അച്ഛാ…”
അവൾ എന്റെ നേർക്കു ഓടിവന്നു. പതിവിലും പ്രസന്നമായിരുന്നു അവളുടെ മുഖം.
“ സ്കൂളിലെ ചിത്രരചനാമൽസരത്തിൽ എനിക്ക് ഒന്നം സമ്മാനം ലഭിച്ചു.” സന്തോഷത്തോടെ അവൾ ആ ചിത്രം എന്റെ നേരെ നീട്ടി…
ശീർഷകം, ‘എന്റെ അച്ഛ്ൻ ’
“ ക്യാൻവാസിൽ ചിത്രം വരക്കുന്ന അച്ഛനെയാണ് ഞാൻ വരച്ചത് , നോക്കൂ , അച്ഛനിഷ്ടമായോ എന്റെ ചിത്രം? ”
അവൾ ആവേശത്തോടെ ചോദിച്ചു.
ആ ചിത്രത്തിലേക്കു ഞാൻ നോക്കി, അതെ ചിത്രം വരക്കുന്ന ഒരാൾ , പക്ഷെ ചിത്രത്തിലെ ക്യാൻവാസിൽ ,എന്റെ പ്രീയപ്പെട്ട ചിത്രമായിരുന്നു;
‘ അവൾ അടയാളങ്ങൾ’. പതിയെ ക്യാൻവാസിലെ ചിത്രം കണ്ണുകൾക്കു അവ്യക്തമായി, ക്യാൻവാസും മാഞ്ഞു… ശൂന്യതയിൽ കൈകളുയർത്തി ഞാൻ പകച്ചുനിൽക്കുന്നു. ഒടുവിൽ അതും ഇല്ലാതെയായി, മുന്നിൽ അവ്യക്തമായ രേഖകൾ മാത്രം. എനിക്കെന്നെ നഷ്ടമാകുന്നതു ഞാനറിഞ്ഞു….
പരാമർശം : college arts fest ന്റെ മലയാളം കവിതരചന മത്സരത്തിന്റെ വിഷയം ആയിരുന്നു ‘ അവൾ അടയാളങ്ങൾ ‘……. ആ തലക്കെട്ടിനോട് തോന്നിയ ഇഷ്ടമാണ് ഒരു കഥ ആയി പരിണമിച്ചത്…