അവൾ അടയാളങ്ങൾ

മുപ്പത്തിമൂന്നു മുറിവുകൾ …. മെലിഞ്ഞുണങ്ങിയ അവരുടെ ചെറിയ ശരീരത്തിനു ആ കൊടിയ വേദനകൾ താങ്ങാൻ കഴിഞ്ഞുവൊ ?. കാലത്തിന്‍റെ ആലയില്‍ അനുഭവങ്ങൾ കൊണ്ട് ഊതിക്കാച്ചിയ ജീവിതത്തിന്റെ തീഷ്ണതയായിരുന്നു എന്നും അവരുടെ ചെറുത്തുനിൽപ്പു. ഇരുളിൽ അവർക്കു നേരെ വന്ന ഒരു ആയുധത്തിനും , ആ ചെറുത്തുനിൽപ്പിന്റെ ആഴവും ശക്തിയും അറിയാൻ സാധിച്ചില്ല. ഇരുളിന്റെ മറവിൽ ,ജീവന്റെ അവസാന തുടിപ്പും കവർന്നെടുത്തു എന്നു വിശ്വസിച്ചു മടങ്ങിയ നരാധമന്മാർക്കുതെറ്റി…. മൃതപ്രായയെങ്കിലും, നാഴികകളോളം മരണത്തോട് പൊരുതി, ശരീരത്തിലേറ്റ ഓരോ മുറിവും നൽകിയ വേദനയോട് ആത്മധൈര്യത്തൊടെ അവർ പോരാടി. അനാഥത്ത്വത്തിന്റെ മടിയിൽ പിറന്നു, അവഹേളനങ്ങളോട് പൊരുതി , എല്ലാ അരക്ഷിതാവസ്ഥകളേയും തരണം ചെയ്തു ജീവിതത്തിൽ സ്വയം ഉയർന്നുവന്ന ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ ശരീരത്തിന്റെ വേദനകൾ കീഴടങ്ങിയതിലെന്തു അത്ഭുതം…..

മനസ്സിന്റെ തിരശ്ശീലയിൽ വർണ്ണങ്ങൾ പകർന്നുകൊണ്ട് ഒരുപാട് പഴയ ചിത്രങ്ങൾ മിന്നിമറഞ്ഞു. കടുംഛായങ്ങൾക്കും, നിറക്കുടുകൾക്കും വരകൾ നിറയുന്ന ക്യാൻവാസിനും മാത്രമായിരുന്നു എന്റെ മനസ്സിൽ സ്ഥാനം. നിറങ്ങൾ കൊണ്ട് ചിന്തിക്കുന്നവന്‍,അക്ഷരങ്ങലിലെ ആശയങ്ങളെ ഉൾക്കൊള്ളാൻ താൽപര്യം തോന്നാതിരുന്നതിൽ എന്തു അതിശയം…
‘’തണൽമരങ്ങളില്ലാത്ത വഴിത്തരകൾ ’’ പത്രത്താളുകളിൽ കണ്ട ആ തലക്കെട്ടിൽ നിന്ന് ഒരു ചെറുകഥയെന്നു ഞാൻ ആദ്യം തന്നെ ഊഹിച്ചു. ചുവടെ കൊടുത്തിരുന്ന എഴുത്തുകാരിയുടെ പേരും സുപരിചിതം തന്നെ. മലയാള സാഹിത്യത്തിൽ നവയുഗം കുറിച്ച പ്രീയ എഴുത്തുകാരി എന്ന ആമുഖവും ഒപ്പം ചേർത്തിരിക്കുന്നു. ശീർഷകം മനസ്സിൽ വർണ്ണങ്ങൾ തൂകിയപ്പോൾ, ഞാൻ പതുക്കെ ചുവടെയുള്ള അക്ഷരങ്ങളിലേക്കു പരതി. ഓരോ വാക്കുകളും വർണ്ണങ്ങളായി, കഥ അവസാനിക്കുമ്പോൾ വാക്കുകൾ കൊണ്ട് വരച്ചുതീർത്ത ഒരു ക്യാൻവാസ് മനസ്സിൽ ‍ നിറഞ്ഞു. അപ്പോൾ അക്ഷരങ്ങളിലൂടെ വർണ്ണങ്ങൾ ചാലിച്ചു, ആസ്വാദകന്റെ മനസ്സൽ ‍ ചിത്രം തീർക്കുന്ന ആ കഥാകാരിയോട് ആരാധനയും, അതിലുപരി അത്ഭുതവും തോന്നി.

പിന്നീട് ജീവിതത്തിൽ അക്ഷരങ്ങളോട് ആരാധന തോന്നിയ നാളുകളായിരുന്നു. അവരുടെ മാന്ത്രിക സ്പർശമുള്ള തൂലികയിൽ നിന്നും പിറന്നുവീണ ഓരോ സർ ഗസൃഷ്ടിയും തേടിയുള്ള യാത്രയിൽ ആ എഴുത്തിന്റെ ആഴത്തിനൊപ്പം, അവരുടെ വ്യക്തിത്വത്തിന്റെ കാമ്പും തിരിച്ചറിഞ്ഞൂ. പിന്നെ ഒരുപാട് തവണ നേരിൽ കാണാൻ ‍ ഇടയായി. ചിത്രപ്രദർശന വേദികളിൽ ഓരൊചിത്രങ്ങൾക്കും മുന്നിൽ നിശ്ചലമായി നിമിഷങ്ങളോളം അവർ നിൽക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. കണ്ണിമചിമ്മാതെ ആ ചിത്രങ്ങളെ ഗ്രഹിച്ചു, മനസ്സിൽ അക്ഷരങ്ങളാക്കുകയാണോ എന്ന് ഞാൻ പലപ്പോഴും സംശയിച്ചിട്ടുണ്ട്. ഞാൻ വർണ്ണങ്ങൾ ചാലിച്ച ചിത്രങ്ങളെ ആസ്വദകർക്കു മുന്നിൽ എത്തിക്കുക, എന്റെ ആശയങ്ങളെ അവർക്കു പകർന്നു നൽകുക; ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു അത്. ആ മോഹം സാക്ഷാത്കരിക്കപ്പെട്ട ദിവസം, ഞാൻ എന്റെ ചിത്രങ്ങൾക്ക് മുന്നിൽ അവരെ കണ്ടു. മനസ്സിൽ അവാച്യമായൊരു ആനന്ദം തോന്നി. എന്റെ ചിത്രങ്ങളിലൂടെ ഒരു വിശാലമായ യാത്ര നടത്തി അവർ എന്റെ അരികിലെത്തി.
“ നിങ്ങളുടെ ചിത്രങ്ങൾക്കു, എന്റെ ജീവിതവുമായി പരോക്ഷമായൊരു ബന്ധമുണ്ട്. ഈ ചിത്രങ്ങളിലൂടെ ജീവിതാനുഭവങ്ങൾക്കു നിങ്ങൾ നിറം പകർന്നു. എനിക്ക് നിങ്ങളുടെ ചിത്രങ്ങളുമായി മോശമല്ലാത്ത ഒരു ആശയസംവേദനം നടത്താൻ സാധിച്ചു.”
ചിത്രങ്ങളെ കുറിച്ചു വാചാലയായപ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാനറിഞ്ഞു. വർണ്ണങ്ങളോടുള്ള അവരുടെ അടങ്ങാത്ത അഭിനിവേശം അക്ഷരങ്ങളോടെന്ന പോലെ തീഷ്ണമാണെന്നു ഞാൻ മനസ്സിലാക്കി. അവരുടെ സൃഷ്ടികളെ കുറിച്ചു ഞാനും വാചാലനായി. അതു അവർക്കു ചെറുതല്ലാത്ത സന്തോഷം നൽകി എന്നു ആ മുഖഭാവങ്ങളിൽ നിന്നു വ്യക്തമായിരുന്നു. എങ്കിലും അതു പ്രകടിപ്പിക്കാൻ അവർ നന്നെ പിശുക്ക് കാണിച്ചു.

പലപ്പോഴും അകലങ്ങളിലെ ആകശങ്ങളേക്കാൾ ചുറ്റുമുള്ള ഇത്തിരിവട്ടമായിരുന്നു അവർക്കിഷ്ട്ടം . ആ സൗഹൃദത്തിനു വർഷങ്ങളുടെ വ്യാപ്തി കൈവന്നു.
അവരെന്നും എന്നെ കുറ്റപ്പെടുത്തിയിരുന്നു , “നിങ്ങൾ ഒരിക്കലും എന്റെ നല്ല ആസ്വാദകനല്ല; നിങ്ങൾ എന്നും എന്റെ സൃഷ്ടികളെ പുകഴ്ത്തിയിട്ടെ ഉള്ളു , .” അവരുടെ കഥകളിലൂടെ അക്ഷരങ്ങളെ സ്നേഹിച്ച എനിക്കു, അവരെ വിമർശിക്കനുള്ള അർഹതയില്ലെന്നു മനസ്സിലോർത്തു എന്നും ഞാനോരു പുഞ്ചിരിയിൽ മറുപടിയൊതുക്കി.
**********************************************************************************************
ഒരു വലിയ ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ അവരുടെ വീടിനുള്ളിലേക്കു പ്രവേശിച്ചു. മുഖത്തുംമുറിവേറ്റ പാടുകളുണ്ട്, എങ്കിലും ആ മുഖത്തുനിന്നും പ്രഭാവം വിട്ടുമാറിയിട്ടില്ല. ചിത്രങ്ങൾക്കു മുന്നിൽ നിശ്ചലമായി നിമിഷങ്ങളോളം നിൽക്കും പോലെ ജീവിതത്തിനു മുന്നിൽ നിശ്ചലമായ അവസ്ഥ… പ്രീയ കഥാകാരിക്കു, യാത്രാമൊഴിയേകാൻ ജനസാഗരം അവിടേക്കോഴുകിയെത്തി.
എന്റെ ഉള്ളിൽ ഭയാനകമായൊരു ശൂന്യത നിറഞ്ഞു. ആൾക്കുട്ടത്തിനിടയിലൂടെ അലക്ഷ്യമായി ഞാൻ നടന്നു. ഒടുവിൽ തിരക്കുകളുടെ ചങ്ങലകൾ ഭേദിച്ചു, സ്വതന്ത്രനായപ്പോൾ , മുന്നിലെ വഴികൾ അവ്യക്തമായി. കാഴ്ചയെ മറക്കുന്ന ഹൃദയഭാരവുമായി കുറേ ദൂരം ഞാൻ നടന്നു. ആ ഏകാന്തതയിൽ ഞാൻ ഓർത്തു, “ നഗരത്തിലെ ഒരു പൊതുസ്മശാനത്തിൽ ആ ശരീരം ഒരുപിടി ചാരമായി മാറിയിരിക്കും, പക്ഷെ വിപ്ലവം തീർത്ത അവരുടെ അക്ഷരങ്ങളെ വിഴുങ്ങാൻ ഒരു തീജ്ജ്വാലക്കും സാധ്യമല്ല.”
പ്രണയവും, ഭാവതീവ്രതയും, വൈകാരികതയും ഉൾക്കൊണ്ട് അവരുടെ സൃഷ്ടികളെ സ്വീകരിച്ച സമൂഹം, അവരിലെ വിപ്ലവകാരിയെ, സാമൂഹിക വിമർശകയെ തള്ളിക്കളഞ്ഞു. നിഗൂഢതകൾ നിറഞ്ഞ കാൽപനികതയിൽ നിന്നും വാസ്തവങ്ങളുടെ സമൂഹത്തിലേക്കു അവർ ‍ ഇറങ്ങുമ്പോൾ ത്രിശങ്കുവിലായവർ ‍ ഭീഷണിയുടെ സ്വരം മുഴക്കി. രാഷ്ട്രീയം മുതൽ രാജ്യദ്രോഹം വരെ വിഷയമായ അവരുടെ സാമൂഹിക നിരീക്ഷണ ഗ്രന്ഥത്തിനു വിലക്കു കൽപ്പിച്ചവർ ‍ അവരുടെ അക്ഷരങ്ങളെ ഭയന്നു. ആ ഭയം, അവരുടെ ശരീരത്തിൽ മുപ്പത്തിമൂന്നു മുറിവുകളായി പരിണമിച്ചു, ഒടുവിൽ ആ തൂലികയുടെ ചലന ശേഷിയും അവസാനിപ്പിച്ചു. പക്ഷെ കത്തിപ്പടരുന്ന തീനാളങ്ങളേക്കാൾ ശക്തി ആ അക്ഷരങ്ങൾക്കുണ്ടെന്നു കാലം തെളിയിക്കും….

അവർ ഇട്ക്കു പറയും, ‘’ നിങ്ങളെപ്പോലുള്ള ചിത്രകാരന്മാരോടു എനിക്കു അസൂയയാണ്‍, കാരണം അക്ഷരങ്ങൾ അവസാനിക്കുന്നിടത്തു ചിത്രങ്ങൾ വാചാലമാകാൻ തുടങ്ങും….’’
ആ ജീവിതത്തിന്റെ വാചാലതയെ ചിത്രീകരിക്കാൻ ഞാൻ തീരുമാനിച്ചു. അനാഥത്ത്വം മുതൽ ആയുധങ്ങളേൽപ്പിച്ച മുറിവുകളോടുള്ള ചെറുത്തുനിൽപ്പുവരെ എന്റെ ക്യാൻവാസിൽ നിറഞ്ഞു. ആദ്യമായി എന്റെ ചിത്രങ്ങൾക്കു ജീവനുള്ളതായി സ്വയം തോന്നി. ആ ജീവൻ കവർന്നെടുത്തവർക്കെതിരെ എന്റെ ചിത്രം സംസാരിക്കാൻ ‍ തുടങ്ങി “അവൾ അടയാളങ്ങൾ ’’ അതിലും ഉചിതമായ മറ്റൊരു പേരു തോന്നിയില്ല. ആ ചിത്രവുമായി പത്രാധിപരെ സന്ദർശിക്കുമ്പൊൾ ‍,മനസ്സിൽ ഒരു ആത്മസംതൃപ്തിയയിരുന്നു.

“ അവൾ അടയാളങ്ങൾ ‍ , വളരെ ചേർച്ചയുള്ള പേര്‍, ചിത്രവും ബഹുകേമം. താങ്കളുടെ കഴിവിലും പരിചയസമ്പത്തിലും എനിക്കു യാതൊരു തർക്കവുമില്ല. ഈ പത്രത്തിനു വേണ്ടി നിങ്ങൾ നൽകിയ നിസ്സ്വാർഥ സേവനങ്ങളും ഞങ്ങൾ മറക്കില്ല. പക്ഷെ ഈ ചിത്രം പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ല. വാക്കുകൾ കൊണ്ട് വിപ്ലവം തീർത്തവൾ ഒരു കോളം വാർത്തയായി, ഇനി അവളെ വരയിലൂടെ പിന്തുണച്ചു താൻ വെറും ഒരു ചിത്രമായി ചുവരിൽ ‍ തൂങ്ങും. കൂട്ടുനിൽക്കുന്ന ഞങ്ങളുടെ ജീവനും ഭീഷണിയുണ്ടാകും. അതുകൊണ്ട് ഈ ചിത്രം താങ്കൾക്കു കൊണ്ടുപോകാം.”
പത്രാധിപർ അലക്ഷ്യമായി ആ ചിത്രം എന്റെ നേർക്കു തട്ടിനീക്കി. ഞാനാചിത്രവുമായി തിരികെ വീട്ടിലെത്തി. വീണ്ടും ശൂന്യത നിറഞ്ഞു.

“ അച്ഛാ…”
അവൾ എന്റെ നേർക്കു ഓടിവന്നു. പതിവിലും പ്രസന്നമായിരുന്നു അവളുടെ മുഖം.
“ സ്കൂളിലെ ചിത്രരചനാമൽസരത്തിൽ എനിക്ക് ഒന്നം സമ്മാനം ലഭിച്ചു.” സന്തോഷത്തോടെ അവൾ ആ ചിത്രം എന്റെ നേരെ നീട്ടി… ശീർഷകം, ‘എന്റെ അച്ഛ്ൻ ’
“ ക്യാൻവാസിൽ ചിത്രം വരക്കുന്ന അച്ഛനെയാണ്‍ ഞാൻ വരച്ചത് , നോക്കൂ , അച്ഛനിഷ്ടമായോ എന്റെ ചിത്രം? ” അവൾ ആവേശ്ത്തോടെ ചോദിച്ചു.
ആ ചിത്രത്തിലേക്കു ഞാൻ നോക്കി, അതെ ചിത്രം വരക്കുന്ന ഒരാൾ , പക്ഷെ ചിത്രത്തിലെ ക്യാൻവാസിൽ ,എന്റെ പ്രീയപ്പെട്ട ചിത്രമായിരുന്നു; ‘ അവൾ അടയാളങ്ങൾ’. പതിയെ ക്യാൻവാസിലെ ചിത്രം കണ്ണുകൾക്കു അവ്യക്തമായി, ക്യാൻവാസും മാഞ്ഞു… ശൂന്യതയിൽ കൈകളുയർത്തി ഞാൻ പകച്ചുനില്ക്കുന്നു. ഒടുവിൽ അതും ഇല്ലാതെയായി, മുന്നിൽ അവ്യക്തമായ രേഖകൾ മാത്രം. എനിക്കെന്നെ നഷ്ടമാകുന്നതു ഞാനറിഞ്ഞു….

പരാമർശം : cdst മണ്ണുത്തി, ഘയാൽ’18 arts fest ന്റെ മലയാളം കവിതരചന മത്സരത്തിന്റെ വിഷയം ആയിരുന്നു ‘ അവൾ അടയാളങ്ങൾ ‘……. ആ തലക്കെട്ടിനോട് തോന്നിയ ഇഷ്ടമാണ് ഒരു കഥ ആയി പരിണമിച്ചത്…..

മാതൃഭൂമി ‘mbifl’ കഥാരചന മത്സരത്തിൽ അയച്ചു കൊടുത്തിരുന്നു…. അവിടെ തിരസ്കരിക്കപ്പെട്ടുവെങ്കിലും, എല്ലാവരോടും എന്റെ ആശയം പങ്കുവെക്കണമെന്ന ആഗ്രഹത്തോടെ ഈ കഥ ഞാൻ ഇവിടെ post ചെയ്യുന്നു…..

Advertisements

9 thoughts on “അവൾ അടയാളങ്ങൾ”

 1. തലിയൊലയിൽ ഇനിയും എഴുതു . ഞങ്ങൾ വായിക്കാം . ഒരു ദിവസം എല്ലാവരും പിറകെ വരും. പബ്ലിഷ്‌ ചെയ്യാൻ . 👍

  Liked by 1 person

 2. ഒരുപാടു സന്തോഷം….ഈ പിന്തുണക്കു നന്ദി…..

  തീർച്ചയായും… നിലക്കാത്ത ഒരു പ്രവാഹം ഉള്ളിൽ നിറയുമ്പോൾ.. ഈ താളിയോലയിൽ ഇനിയും അക്ഷരങ്ങൾ നിറയും……

  Like

 3. കണ്ടിട്ടു കുറെ നാളുകളായല്ലൊ.
  പിന്നെ ഒരു ബൂക്കെഴുതി പുബ്ലിഷ്‌ ചെയ്യാൻ ആഗ്രഹം ഉളളവരുടെ ഒരു ഗ്രൂപ്‌ പ്ലാൻ ചെയ്യുന്നുണ്ട് . ഞാൻ ഒരു പോസ്റ്റ്‌ പ്ലാനിടുന്നുണ്ട്‌. കൂടണം

  Like

   1. Great send me the Whatsapp number and I will add to the group. The group will be used only for the book purposes and nothing else, as agreed by the six members so far

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s